2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം രോഹിത് ശര്‍മ – ശുഭ്മന്‍ ഗില്‍ ഡുവോയെ തേടിയെത്തിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം 50+ പാര്‍ട്ണര്‍ഷിപ്പ് നേടുന്ന ഓപ്പണിങ് ബാറ്റര്‍മാര്‍ എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
2007ല്‍ മാത്യു ഹെയ്ഡനും ആദം ഗില്‍ക്രിസ്റ്റും ചേര്‍ന്ന് 26 ഇന്നിങ്‌സില്‍ 13 തവണ നേടിയ 50+ റണ്‍സ് കൂട്ടുകെട്ടിന്റെ റെക്കോഡാണ് ഗില്ലും ഹിറ്റ്മാനും ചേര്‍ന്ന് വാംഖഡെയില്‍ തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയത്. 21 ഇന്നിങ്‌സില്‍ നിന്നും 14 തവണയാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ആദ്യ വിക്കറ്റില്‍ 50 കടത്തിയത്.
2023ല്‍ 1,493 റണ്‍സാണ് ഇവര്‍ ചേര്‍ന്ന് സ്വന്തമാക്കിയത്. അഞ്ച് തവണ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരുടെയും മികച്ച കൂട്ടുകെട്ട് 212 റണ്‍സിന്റേതാണ്.