| Friday, 3rd March 2023, 9:06 pm

രോഹിത്തും ദ്രാവിഡും അശ്വിനെ തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നത്; വിമർശനവുമായി ഗവാസ്കർ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.

മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.

തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്.

76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകകമായ ജയം സ്വന്തമാക്കുകയായിരുന്നു.

49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താകാതെ നിന്ന മാർനസ് ലബുഷേങ്‌ എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.

എന്നാലിപ്പോൾ അശ്വിനെ ഫലപ്രദമായി ഉപയോഗിക്കാൻ രോഹിത്തിനും ദ്രാവിഡിനും കഴിഞ്ഞില്ലെന്നും ഇത് ഇന്ത്യൻ ടീമിന്റെ പരാജയത്തിന് വഴിയൊരുക്കിയെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്ക്കർ.

ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ അശ്വിന് പന്ത് ലഭിച്ചില്ലെന്നും ഇത് ഇന്ത്യയുടെ പരാജയത്തിന്റെ ആക്കം കൂട്ടിയെന്നുമാണ് ഗവാസ്ക്കറുടെ വിമർശനം.

“രോഹിത്തും ദ്രാവിഡും മത്സരത്തിൽ എന്തൊക്കെ തന്ത്രങ്ങളാണ് മെനയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അശ്വിന് തുടക്കത്തിൽ പന്ത് കിട്ടിയിട്ടില്ല. ഡ്രിങ്ക്സ് ബ്രേക്കിന് മുമ്പാണ് അശ്വിനെ ബോൾ ചെയ്യാൻ ഏൽപ്പിക്കുന്നത്. അശ്വിൻ ഹാൻഡ്സ്കോമ്പിന്റെ വിക്കറ്റ് നേടുകയും ചെയ്തു. അവൻ ഒരു മാച്ച് വിന്നറാണ്. 450ലധികം വിക്കറ്റുകൾ അവൻ സ്വന്തമാക്കി,’ ഗവാസ്ക്കർ പറഞ്ഞു.

രണ്ടാം ടെസ്റ്റിൽ നാല് വിക്കറ്റുകളാണ് അശ്വിൻ സ്വന്തമാക്കിയത്.


കൂടാതെ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇതിഹാസ സ്പിൻ താരത്തിനെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യൻ ടീമിന് എന്തെങ്കിലും സാധ്യതയൊരുങ്ങൂ.

മാർച്ച് ഒമ്പത് മുതൽ പതിമൂന്ന് വരെ അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാനത്തെ നിർണായക മത്സരം നടക്കുന്നത്.

Content Highlights:Rohit Sharma and Rahul Dravid treat R Ashwin in the wrong way said Sunil Gavaskar

We use cookies to give you the best possible experience. Learn more