| Wednesday, 28th February 2024, 3:58 pm

രഞ്ജിയില്‍ കളിക്കാന്‍ വിസമ്മതിക്കുന്ന താരങ്ങളെ വിലക്കുക: രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 3 – 1 എന്ന നിലയില്‍ ഇന്ത്യയാണ് മുന്നില്‍. ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യ താരങ്ങള്‍ക്ക് നേരെ വമ്പന്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിക്കുന്ന താരങ്ങളെ വിലക്കുക തന്നെ വേണമെന്നാണ് രോഹിത് പറയുന്നത്.

രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ടീമിന് വേണ്ടി കളിക്കാന്‍ വിസമ്മതിച്ച താരങ്ങളായിരുന്നു ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും. ക്രിക്കറ്റില്‍ നിന്നും ഇരുവരും നീണ്ട ഇടവേള എടുത്തിരുന്നു. എന്നാല്‍ നാഷണല്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ രഞ്ജിയില്‍ കളിക്കാനും ഫോം കണ്ടെത്താനും താരങ്ങളോട് രാഹുല്‍ ദ്രാവിഡും ജയ് ഷായും പറഞ്ഞിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡിന് വേണ്ടി കളിക്കാന്‍ ഇഷാനോ മുംബൈക്ക് വേണ്ടി കളിക്കാന്‍ ശ്രേയസ് അയ്യരോ മുന്നോട്ട് വന്നില്ലായിരുന്നു.

എന്നാല്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടില്‍ അയ്യര്‍ തന്റെ നിലപാട് മാറ്റി രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ മുംബൈക്ക് വേണ്ടി കളിക്കും. പക്ഷെ ഇഷാന്‍ ഇതുവരെ രഞ്ജി കളിച്ചിട്ടില്ല.

അതേസമയം, റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടീം നേടിയ വിജയത്തിന് ശേഷം രോഹിതിനോട് ടെസ്റ്റിനെക്കുറിച്ചും ഐ.പി.എല്ലിനെക്കുറിച്ചും ചോദിച്ചിരുന്നു. അപ്പോഴാണ് രോഹിത് താരങ്ങളെക്കുറിച്ച് സംസാരിച്ചത്.

‘ടെസ്റ്റ് ക്രിക്കറ്റിനായി കൂടുതല്‍ ആഗ്രഹിക്കുന്നവരെ മാത്രമേ ഞങ്ങള്‍ പരിഗണിക്കൂ, ഫോര്‍മാറ്റ് അവഗണിക്കുന്നവരെയല്ല. റെഡ്-ബോള്‍ ക്രിക്കറ്റിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കാത്ത കളിക്കാര്‍ക്ക് സ്ഥാനമില്ല,’ രോഹിത് പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസ്താവനയെ ക്രിക്കറ്റ് അസോസിയേഷനുകള്‍ ശരിവെക്കുകയും ചെയ്തിരുന്നു.

‘ഞാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ കൂടെയാണ്. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കളിക്കാന്‍ യുവാക്കള്‍ക്ക് താത്പര്യം ഉണ്ടാകണം,’ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് ഖണ്ഡേക്കര്‍ പി.ടി.ഐയോട് പറഞ്ഞു.

‘രഞ്ജി ട്രോഫി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലാണ്. അത് നിങ്ങള്‍ക്ക് നിസ്സാരമായി കാണാനാകില്ല. മറ്റ് ആഭ്യന്തര ഫോര്‍മാറ്റുകള്‍ക്കും ഇതേ പ്രാധാന്യം ലഭിക്കണം.

‘രഞ്ജി ട്രോഫിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐയുടെ നിര്‍ദേശങ്ങള്‍ കളിക്കാരെ മികച്ച രീതിയില്‍ കളിക്കാന്‍ സഹായിക്കും,’ മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് തിരിച്ച് വരാന്‍ പോലും താരം കൂട്ടാക്കിയല്ല. ബി.സി.സി.ഐ പ്രസിഡന്റ് ജയ് ഷായും ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും ഇഷാനോടും ശ്രേയസ് അയ്യരോടും തിരിച്ച് വരാന്‍ പറഞ്ഞെങ്കിലും ഇരുവരും ഇത് നിരസിക്കുകയായിരുന്നു. ശ്രേയസും സമാന രീതിയില്‍ ടീമില്‍ നിന്നും വിട്ടുനിന്നിരുന്നു.

ഇതേ തുടര്‍ന്ന് ഇഷാന്‍ കിഷനെതിരെയും ശ്രേയസ് അയ്യര്‍ക്കെതിരെയും കര്‍ശന നടപടിയാണ് ബി.സി.സി.ഐ സ്വീകരിച്ചതും. രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുക്കാത്തതിനും അച്ചടക്കമില്ലായ്മയും ചൂണ്ടിക്കാണിച്ച് ബി.സി.സി.ഐയുടെ കേന്ദ്ര കരാറില്‍ നിന്നും ഇരുവരേയും നേരത്തെ പുറത്താക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Content Highlight: Rohit Sharma Against Indian Players

We use cookies to give you the best possible experience. Learn more