| Sunday, 14th January 2024, 9:19 pm

ഒരു മടുപ്പും ഇല്ലേ രോഹിത്തേ... ചരിത്രനേട്ടത്തിലും നാണംകെട്ട് ഇന്ത്യന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായാണ് രോഹിത് ശര്‍മ പുറത്തായത്.

പരമ്പരയിലെ ആദ്യ മത്സരത്തിലും രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ റണ്‍ ഔട്ടിലൂടെ സില്‍വര്‍ ഡക്കായാണ് രോഹിത് പുറത്തായത്.

ടി-20യില്‍ ഇത് 12ാം തവണയാണ് രോഹിത് പൂജ്യത്തിന് പുറത്താകുന്നത്. ഏറ്റവുമധികം തവണ ഈ മോശം റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യന്‍ താരവും രണ്ടാമത് താരവുമാണ് രോഹിത് ശര്‍മ.

അയര്‍ലന്‍ഡ് താരം പോള്‍ സ്‌റ്റെര്‍ലിങ്ങാണ് പട്ടികയില്‍ ഒന്നാമതുള്ളത്. സ്റ്റെര്‍ലിങ്ങിനെക്കാള്‍ ഒരു ഡക്ക് മാത്രമാണ് രോഹിത്തിന് കുറവുള്ളത്.

ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍

രോഹിത് ശര്‍മ – 12 തവണ

കെ.എല്‍. രാഹുല്‍ – 5

വിരാട് കോഹ്ലി – 4

ശ്രേയസ് അയ്യര്‍ – 4

വാഷിങ്ടണ്‍ സുന്ദര്‍ – 4

ഇതിന് പുറമെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ നായകന്‍ എന്ന സ്വന്തം നേട്ടവും രോഹിത് ഊട്ടിയുറപ്പിച്ചു. ഇത് ആറാം തവണയാണ് രോഹിത് ക്യാപ്റ്റന്റെ റോളിലിരിക്കെ പൂജ്യത്തിന് പുറത്താകുന്നത്.

കളിച്ച 53 ഇന്നിങ്സില്‍ അഞ്ച് തവണയും രോഹിത് പൂജ്യത്തിനാണ് പുറത്തായത്. എന്നാല്‍ ഇന്ത്യയുടെ മറ്റ് നായകന്‍മാരെല്ലാം ചേര്‍ന്ന് 147 ഇന്നിങ്സില്‍ വെറും നാല് തവണ മാത്രമാണ് പുറത്തായത്.

കരിയറിലെ 150ാം ടി-20 മത്സരത്തിലാണ് രോഹിത് ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്നത്. ടി-20യില്‍ 150 മത്സരം കളിക്കുന്ന ആദ്യത്തെ പുരുഷ താരമാണ് രോഹിത് ശര്‍മ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 173 റണ്‍സിന്റെ ലക്ഷ്യമാണ് ഇന്ത്യക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്.. സൂപ്പര്‍ താരം ഗുലാബ്ദീന്‍ നായിബിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാന്‍ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.

നായിബ് 35 പന്തില്‍ 57 റണ്‍സ് നേടി. നാല് സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ ടി-20യില്‍ ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത് അഫ്ഗാന്‍ താരം എന്ന നേട്ടവും നായിബ് സ്വന്തമാക്കി.

നജീബുള്ള സദ്രാന്‍ 21 പന്തില്‍ 23 റണ്‍സടിച്ച് രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ മുജീബ് ഉര്‍ റഹ്‌മാന്‍ ഒമ്പത് പന്തില്‍ 21 റണ്‍സും കരീം ജന്നത് പത്ത് പന്തില്‍ 20 റണ്‍സ് നേടിയാണ് സ്‌കോര്‍ ഉയര്‍ത്തിയത്.

Content highlight: Rohit Sharma again out for a duck

We use cookies to give you the best possible experience. Learn more