2024 ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ചതിന് പിന്നാലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കിരീടമണിഞ്ഞതിന് പിന്നാലെയാണ് രോഹിത്തും വിരാടും ആരാധകരെ ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇപ്പോള്‍ താന്‍ എന്തുകൊണ്ടാണ് ടി-20യില്‍ നിന്നും വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുകയാണ് രോഹിത്. ഒരു പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് തന്റെ പടിയിറക്കത്തെ കുറിച്ച് സംസാരിച്ചത്.
17 വര്‍ഷക്കാലം താന്‍ അന്താരാഷ്ട്ര ടി-20യുടെ ഭാഗമായിരുന്നു എന്നും ഏറ്റവും ഉചിതമായ സമയത്താണ് പടിയിറങ്ങിയതെന്നും രോഹിത് പറഞ്ഞു.
‘എന്റെ സമയമായി എന്നുള്ള ഒറ്റ കാരണത്താലാണ് ഞാന്‍ ടി-20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഞാന്‍ ടി-20 കളിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്നു. 17 വര്‍ഷമാണ് ഞാന്‍ ഈ ഫോര്‍മാറ്റിന്റെ ഭാഗമായത്.
ഒടുവില്‍ ഞങ്ങള്‍ ടി-20 ലോകകപ്പ് നേടി. ടി-20 മതിയാക്കാനും മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇതാണ് മികച്ച സമയമെന്ന് എനിക്ക് തോന്നി. ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന ഒരുപാട് മികച്ച താരങ്ങള്‍ ഇവിടെയുണ്ട്.
ഇതാണ് ശരിയായ സമയം എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ടി-20യില്‍ നിന്നും വിരമിക്കാനുള്ള തീരുമാനമെടുത്തത്. ഇപ്പോഴും എനിക്ക് മൂന്ന് ഫോര്‍മാറ്റിലും അനായാസം കളിക്കാന്‍ സാധിക്കും. ഇതെല്ലാം നിങ്ങളെങ്ങനെയാണ് മനസിനെ പാകപ്പെടുത്തുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.
എല്ലാം മനസില്‍ തന്നെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഏറെ ആത്മവിശ്വാസമുള്ള ഒരാളാണ് ഞാന്‍. എപ്പോള്‍ എന്റെ മനസിനെ നിയന്ത്രിക്കണമോ അപ്പോള്‍ എനിക്കതിന് സാധിക്കും.
ചിലപ്പോള്‍ അതൊരിക്കലും എളുപ്പമായിരിക്കില്ല. മിക്ക സമയങ്ങളിലും എനിക്കതിന് സാധിക്കും എന്ന കാര്യം എനിക്കറിയാം. നിങ്ങള്‍ ചെറുപ്പമാണെന്ന് ശരീരത്തെ വിശ്വസിപ്പിക്കുകയും, എല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ബോധ്യവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കും,’ രോഹിത് പറഞ്ഞു.
സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയതിന് ശേഷം പല തകര്‍പ്പന്‍ നേട്ടങ്ങളും രോഹിത് ശര്‍മയെ തേടിയെത്തിയിരുന്നു. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിജയശതമാനമുള്ള ക്യാപ്റ്റനെന്ന നേട്ടമാണ് ലോകകപ്പിനൊപ്പം രോഹിത് സ്വന്തമാക്കിയത്.
കങ്കാരുക്കളെ രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും ചൂടിച്ച ഓസ്‌ട്രേലിയന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിജയശതമാനമുള്ള നായകന്‍ (കുറഞ്ഞത് 20 മത്സരം)
(താരം – ടീം – വിജയശതമാനം എന്നീ ക്രിമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 84.6*
റിക്കി പോണ്ടിങ് – ഓസ്ട്രേലിയ – 78.4
ആരോണ്‍ ഫിഞ്ച് – ഓസ്ട്രേലിയ – 75.0
സൗരവ് ഗാംഗുലി – ഇന്ത്യ – 72.7
എം.എസ്. ധോണി – ഇന്ത്യ – 70.7
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 67.9
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 65.4
വിരാട് കോഹ്‌ലി – ഇന്ത്യ – 65.0
ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 65.0
ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 63.6
ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 63.6
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 62.1
ഗ്രെയം സ്മിത് – സൗത്ത് ആഫ്രിക്ക – 61.9
ഇതിന് പുറമെ കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും രോഹിത് തന്റെ പേരില്‍ കുറിച്ചിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 50 വിജയം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ നായകനെന്ന നേട്ടമാണ് ഹിറ്റ്മാന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍മാര്‍
(താരം – ടീം – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 63 – 50 – 79.36%
ബാബര്‍ അസം – പാകിസ്ഥാന്‍ – 85 – 48 – 56.47%
ബ്രയാന്‍ മസാബ – ഉഗാണ്ട – 60 – 45 – 75.00%
അസ്ഗര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 52 – 42 – 80.76%
ഒയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 72 – 42 – 58.33%
Content highlight: Rohit Sharma about T20I retirement