വിസ പ്രശ്‌നങ്ങള്‍ കാരണം ഇംഗ്ലണ്ട് യുവ താരം ഷോയ്ബ് ബഷീറിന് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായതില്‍ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.
ഈ സംഭവം നിര്‍ഭാഗ്യകരമാണെന്നും ഈ പ്രശ്‌നം വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും രോഹിത് ശര്‍മ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരിക്കാന്‍ തനിക്കാകില്ലെന്നും താന്‍ വിസ ഓഫീസിലല്ല ഇരിക്കുന്നതെന്നും രോഹിത് പറഞ്ഞു.
പരമ്പരക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
‘ഷൊയ്ബ് ബഷീറിന്റെ അവസ്ഥ എനിക്ക് മനസിലാക്കാന്‍ സാധിക്കും. നിര്‍ഭാഗ്യവശാല്‍, ഈ വിഷയത്തില്‍ നിങ്ങളോട് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ ഞാന്‍ വിസ ഓഫീസില്‍ ഇരിക്കുന്നയാളല്ല. പക്ഷേ അവന് വേഗത്തില്‍ വിസ ലഭിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ രോഹിത് പറഞ്ഞു.
യു.എ.ഇയില്‍ പരിശീലനം തുടരുകയായിരുന്ന ഷോയ്ബ് ബഷീര്‍ വിസ പ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ വ്യാഴാഴ്ച ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം താരത്തിന് നഷ്ടമായി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
താരത്തിന്റെ മാതാപിതാക്കള്‍ പാക് വംശജരാണ്. ഇതാണ് വിസ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇംഗ്ലണ്ട് സൂപ്പര്‍ താരം മോയിന്‍ അലി, ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, ഇംഗ്ലണ്ട് എ താരം സാബിഖ് മഹ്‌മൂദ് എന്നിവര്‍ക്കും സമാനമായ പ്രശ്‌നങ്ങല്‍ നേരിടേണ്ടി വന്നിരുന്നു.
വിഷയത്തില്‍ പ്രതികണവുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും രംഗത്തെത്തിയിരുന്നു.
‘ഒരു താരത്തിന് സ്‌പോര്‍ട്‌സുമായി ഒരു ബന്ധവുമില്ലാത്ത കാരണത്താല്‍ കളിക്കാന്‍ സാധിക്കാത്തത് നിരാശയുണ്ടാക്കുന്നു. ഇതാദ്യമായല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇതിന് മുമ്പും നിരവധി താരങ്ങള്‍ വിസ കരുക്കില്‍ പെട്ടിരുന്നു. ഡിസംബറില്‍ തന്നെ ഞങ്ങള്‍ ടീം പ്രഖ്യാപിച്ചതാണ്. എന്നിട്ടും വിസ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് നിര്‍ഭാഗ്യകരമാണ്,’ സ്റ്റോക്‌സ് പറഞ്ഞു.
അപ്രതീക്ഷിതമായാണ് ബഷീര്‍ ടീമിലെത്തിയത്. ആഭ്യന്തര തലത്തില്‍ സോമര്‍സെറ്റിന്റെ താരമായ ബഷീര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണില്‍ അലിസ്റ്റര്‍ കുക്ക് അടക്കമുള്ള സ്റ്റാര്‍ ബാറ്റര്‍മാരെ വിറപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഈ 20 വയസുകാരനെ ആരാധകര്‍ക്കിടയില്‍ സ്പെഷ്യലാക്കുന്നത്.
ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബഷീര്‍ ഇതുവരെ കളിച്ചിട്ടുള്ളത്. ഇതിലെ പത്ത് ഇന്നിങ്സില്‍ നിന്നുമായി പത്ത് വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. 155 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനം.
Congratulations to Shoaib Bashir who has been selected in the England Men’s Test squad to tour India!