രോഹിത് വിരമിക്കുന്നു? എല്ലാം ലോകകപ്പ് ഫൈനലിന് ശേഷമെന്ന് മറുപടി
icc world cup
രോഹിത് വിരമിക്കുന്നു? എല്ലാം ലോകകപ്പ് ഫൈനലിന് ശേഷമെന്ന് മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th November 2023, 7:07 pm

2023 ലോകകപ്പ് അവസാനത്തോട് അടുക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. നവംബര്‍ 15ന് ആദ്യ സെമി ഫൈനലും 16ന് രണ്ടാം സെമി ഫൈനല്‍ മത്സരവും നടക്കും. നവംബര്‍ 19നാണ് കലാശപ്പോരാട്ടം.

തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച പ്രകടനമാണ് മെന്‍ ഇന്‍ ബ്ലൂ നടത്തുന്നത്. തുടര്‍ച്ചയായ ഒമ്പത് മത്സരം വിജയിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിക്കുന്നത്. ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ലോകകപ്പിന്റെ കിരീടത്തില്‍ മുത്തമിടാനാണ് രോഹിത്തും സംഘവും ഒരുങ്ങുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരത്തിലും തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചാണ് ഇന്ത്യ മുമ്പോട്ട് കുതിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു കൂട്ടം താരങ്ങള്‍ എന്നതിലുപരി ഒരു ടീം എന്ന നിലയില്‍ ഇന്ത്യ പുറത്തെടുക്കുന്ന ടീം വര്‍ക്കും ടീം സ്പിരിറ്റുമാണ് ഈ ലോകകപ്പില്‍ അവരെ ഫേവറിറ്റുകളാക്കുന്നത്. ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതും ടീമിന്റെ സാധ്യതകളേറ്റുന്നു.

 

പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കും 2023ലേത് എന്ന് ഏതാണ്ട് തീരുമാനിക്കപ്പെട്ടതാണ്. അതില്‍ പ്രധാനിയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നിലവില്‍ 36കാരനായ രോഹിത് 2027 ലോകപ്പ് കളിക്കാന്‍ സാധ്യതകള്‍ തുലോം കുറവാണ്.

തന്റെ അവസാന ലോകകപ്പില്‍ ഇന്ത്യയെ മൂന്നാം കിരീടം ചൂടിക്കാന്‍ തന്നെയാണ് രോഹിത് ഒരുങ്ങുന്നത്.

ലോകകപ്പിന്റെ ആവേശം വാനോളമുയരുമ്പോള്‍ തന്റെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.

ഇപ്പോള്‍ ഇന്ത്യയുടെ മൂന്നാം കിരീടം എന്ന ലക്ഷ്യം മാത്രമാണ് തന്റെ മനസിലുള്ളതെന്നും ബാക്കി തീരുമാനങ്ങളെല്ലാം നവംബര്‍ 19ന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമാണ് രോഹിത് പറയുന്നത്. ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തലേന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ യാത്രയെ കുറിച്ച് ചിന്തിക്കാന്‍ എനിക്കിപ്പോള്‍ അധികം സമയമില്ല. ഒരുപക്ഷേ നവംബര്‍ 19ന് ശേഷം ഞാന്‍ അതിനെ കുറിച്ച് ചിന്തിക്കും. ഇപ്പോള്‍ ലോകകപ്പിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്.

 

ഞങ്ങള്‍ക്ക് മികച്ച ക്രിക്കറ്റ് തന്നെ കളിക്കണം. ഈ ഒരാഴ്ചയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് എനിക്കറിയാം. മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല,’ രോഹിത് പറഞ്ഞു.

2019 ലോകകപ്പിന്റെ സെമി ഫൈനലില്‍ നേരിട്ട അതേ ന്യൂസിലാന്‍ഡിനെ തന്നെയാണ് ഇന്ത്യക്ക് 2023ലും നേരിടാനുള്ളത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

 

Content highlight: Rohit Sharma about retirement