ഇന്നിങ്‌സിനും 132 റണ്‍സിനും ദി മൈറ്റി ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മുമ്പിലെത്തിയിരിക്കുകയാണ്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോഴേക്കും 1-0 എന്ന ലീഡ് ഇന്ത്യക്കൊപ്പമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മോഹവുമായിറങ്ങിയ ഇന്ത്യക്ക് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല.
സ്പിന്നര്‍മാരായിരുന്നു ഇന്ത്യയുടെ കരുത്ത്. മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 16 വിക്കറ്റുകളും സ്വന്തമാക്കിയത് സ്പിന്നര്‍മാരാണ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിന്റെ ആനുകൂല്യം ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കുകയായിരുന്നു.
അശ്വിനും ജഡേജയും ചേര്‍ന്നാണ് ഓസീസിനെ കശക്കിയെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ ജഡേജ അഞ്ച് വിക്കറ്റും അശ്വിന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റും ജഡേജ രണ്ട് വിക്കറ്റും സ്വന്തമാക്കി.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ നടന്ന രസകരമായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അശ്വിനും ജഡേജയും തങ്ങള്‍ക്ക് ഓവര്‍ എറിയാന്‍ തരണം എന്ന് പറഞ്ഞതിനെ കുറിച്ചാണ് രോഹിത് സംസാരിക്കുന്നത്.
‘ജഡേജ 249 വിക്കറ്റുമായി നില്‍ക്കുകയാണ്. അവന്‍ എന്നോട് ഓവര്‍ ആവശ്യപ്പെട്ടു. അശ്വിന്‍ നാല് വിക്കറ്റ് നേടി നില്‍ക്കുകയാണ്, അവനും എന്നോട് ഓവര്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
ഈ വെല്ലുവിളിയാണ് എനിക്ക് നേരിടേണ്ടിവരുന്നത്. തങ്ങള്‍ വലിയ നാഴികക്കല്ല് താണ്ടാന്‍ പോവുകയാണെന്ന് ഇരുവര്‍ക്കും ബോധ്യമുണ്ട് (ചിരിക്കുന്നു),’ എന്നായിരുന്നു രോഹിത് ശര്‍മ പറഞ്ഞത്.
ഒടുവില്‍ അശ്വിന്‍ മത്സരത്തില്‍ തന്റെ അഞ്ചാം വിക്കറ്റ് നേട്ടം ആഘോഷിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജയെ വീഴ്ത്തിക്കൊണ്ടായിരുന്നു അശ്വിന്‍ തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഒമ്പത് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി നില്‍ക്കവെ ഖവാജയെ വിരാടിന്റെ കൈകളിലെത്തിച്ച് അശ്വിന്‍ മടക്കുകയായിരുന്നു.
ഡേവിഡ് വാര്‍ണറായിരുന്നു അശ്വിന്റെ അടുത്ത ഇര. ആദ്യ ഇന്നിങ്‌സിലെ മോശം പ്രകടനത്ത തരണം ചെയ്യാനുറച്ചായിരുന്നു വാര്‍ണര്‍ ക്രീസിലെത്തിയത്. 41 പന്തില്‍ നിന്നും പത്ത് റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ച വാര്‍ണറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി അശ്വിന്‍ വീണ്ടും തന്റെ മാജിക് കാണിച്ചു.