ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരീസിലെ ആദ്യ മത്സരം നാളെ നാഗ്പൂരില്‍ തുടങ്ങാനിരിക്കെ പ്ലേയിങ് ഇലവനില്‍ ആശങ്ക തുടരുന്നു. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം ആര് മിഡില്‍ ഓര്‍ഡറിലെത്തുമെന്ന കാര്യത്തിലാണ് സംശയമുള്ളത്.
കെ.എല്‍. രാഹുലാണ് രോഹിത് ശര്‍മയോടൊപ്പം ഓപ്പണ്‍ ചെയ്യുന്നതെന്ന് ഏറെക്കുറെ തീരുമാനമായ സ്ഥിതിക്ക് സൂര്യകുമാര്‍ യാദവിനോ ശുഭ്മന്‍ ഗില്ലിനോ മധ്യനിരയില്‍ നറുക്ക് വീഴാനാണ് സാധ്യത. കെ.എസ് ഭരത്തിനായിരിക്കും വിക്കറ്റ് കീപ്പറുടെ ചുമതല വരുന്നത്.
നാല് മത്സരങ്ങളടങ്ങിയ സീരീസ് മികച്ച രീതിയില്‍ ജയിക്കാനായാല്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാമതെത്താനാകും. നിലവില്‍ ഓസ്ട്രേലിയ ഒന്നാമതും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. മികച്ച മാര്‍ജിനില്‍ പരമ്പര കൈക്കലാക്കി ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഫൈനല്‍ യോഗ്യത നേടാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാവാത്ത ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജായിരിക്കും പേസ് ആക്രമണം നയിക്കുന്നത്. ഉമേഷ് യാദവാണ് സ്‌ക്വാഡില്‍ ഇടം പിടിച്ച മറ്റൊരു പേസര്‍. ആറ് മാസത്തെ ഇടവേള കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ രവീന്ദ്ര ജഡേജക്കും സീരീസ് നിര്‍ണായകമാണ്.
നാഗ്പൂരിലെ പിച്ചിനെതിരെ ഇതിനോടകം അതൃപ്തി അറിയിച്ച ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആദ്യമേ തീരുമാനിച്ചിരുന്നു.
മത്സരത്തിന് മുന്നോടിയായി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലും താരങ്ങളുടെ കാര്യത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സംസാരിച്ചത്. ശ്രേയസ് അയ്യര്‍ക്ക് പകരം ആര് സ്‌ക്വാഡിലെത്തുമെന്ന ചോദ്യത്തിനാണ് ക്യാപ്റ്റന്‍ മറുപടി പറഞ്ഞത്.
‘സൂര്യകുമാറും, ഗില്ലും ഇവരില്‍ ആരെ നാളെ കളിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനമായി വരുന്നു. ഗില്‍ മികച്ച ഫോമിലാണ് ഉള്ളത്. ഈ അടുത്തായി മികച്ച പല ഇന്നിങ്സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്.
മറുവശത്ത് സൂര്യകുമാര്‍ യാദവും തന്റെ റേഞ്ച് എന്താണെന്ന് തെളിയിച്ച് കഴിഞ്ഞതാണ്. ഇവരില്‍ ആര് നാളെ കളിക്കുമെന്ന കാര്യത്തില്‍ വൈകാതെ തീരുമാനമാകും. ടീമിന്റെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍ഗണന,’ രോഹിത് ശര്‍മ പറഞ്ഞു
1996 മുതല്‍ ആരംഭിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള 15 മത്സരങ്ങളാണ് ഇതുവരെ നടന്നത്. ഈ 15 പരമ്പരകളില്‍ ഇന്ത്യ ഒമ്പത് തവണയും ഓസീസ് അഞ്ച് തവണയും ജേതാക്കളായിട്ടുണ്ട്. 2004 സീസണില്‍ നടന്ന പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.
അവസാന മൂന്ന് തവണയും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. കൂടാതെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ഇന്ത്യക്കുണ്ട്. അതേസമയം ഈ സീരീസെങ്കിലും പരമ്പര നേടി നാണക്കേടില്‍ നിന്ന് കരകയറാനാവും ഓസ്ട്രേലിയ ശ്രമിക്കുന്നത്.
Content Highlight: Rohit Sharma about playing eleven for 1st test