| Monday, 25th April 2022, 9:36 am

എട്ടുംപൊട്ടി മുംബൈ, തോല്‍വിയുടെ കാരണം കണ്ടെത്തി രോഹിത്; ഇനി പ്രതികാരം സഞ്ജുവിനോട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കളിച്ച എട്ട് മത്സരവും അടിത്തറയില്ലാതെ തോറ്റിരിക്കുകയാണ് ദൈവത്തിന്റെ പോരാളികള്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പിറന്നാള്‍ ദിവസം അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനമായി സീസണിലെ ആദ്യ ജയം തന്നെ നല്‍കാമെന്ന് കരുതിയ മുംബൈയ്ക്ക് വീണ്ടും കാലിടറി.

36 റണ്‍സിന് ടൂര്‍ണമെന്റിലെ കന്നിക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടായിരുന്നു മുംബൈയുടെ തോല്‍വി. ടോസ് നേടി എതിര്‍ ടീമിനെ ബാറ്റിംഗിനയച്ച മുംബൈയ്ക്ക് വീണ്ടും പിഴച്ചു.

ലഖ്‌നൗ ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 132 റണ്‍സിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍, എന്തുകൊണ്ടു തോറ്റു എന്നതിന്റെ കാരണം വിലയിരുത്തുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ. മിഡില്‍ ഓര്‍ഡറുകളില്‍ താനടക്കമുള്ള താരങ്ങളുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് തോല്‍വിക്ക് കാരണമെന്നാണ് രോഹിത് പറയുന്നത്.

‘ബാറ്റിംഗിന് അനുകൂലമായ പിച്ചായിരുന്നു അത്. അവര്‍ ഉയര്‍ത്തിയ സ്‌കോര്‍ എളുപ്പം മറികടക്കാമെന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്കായില്ല.

ഇത്തരത്തിലുള്ള ഒരു വിജയലക്ഷ്യമാണ് നമ്മുടെ മുന്നിലുള്ളതെങ്കില്‍ മികച്ച പാര്‍ട്‌നര്‍ഷിപ്പ് പ്രധാനമാണ്. പക്ഷേ മധ്യ ഓവറില്‍ ഞാനുള്‍പ്പെടെ നിരുത്തരവാദപരമായ ഷോട്ടുകള്‍ ഞങ്ങള്‍ കളിച്ച് പുറത്താവുകയായിരുന്നു.

അവര്‍ നല്ല രീതിയിലാണ് പന്തെറിഞ്ഞത്. ഈ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തിട്ടില്ല. മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ബാറ്റിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവസാനം വരെ ബാറ്റ് ചെയ്യേണ്ടതുണ്ട്.

അവര്‍ അതാണ് ചെയ്തത്, അതാണ് ഞങ്ങളെ വേദനിപ്പിക്കുന്നതും. ഒരാള്‍ മികച്ച രീതിയില്‍ കഴിയാവുന്നിടത്തോളം ബാറ്റ് ചെയ്തു എന്നുറപ്പാക്കേണ്ടതുണ്ട്,’ രോഹിത് പറയുന്നു.

ഇതുവരെ തങ്ങളുടെ പേരിനും പെരുമയ്ക്കും ഒത്ത പ്രകടനം കാഴ്ചവെക്കാന്‍ മുംബൈയ്ക്ക് ആയിട്ടില്ല. ബൗളിംഗില്‍ ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ കൊടുക്കാന്‍ ആരുമില്ലാത്തതും പൊന്നും വില നല്‍കി ടീമിലെത്തിച്ച പല താരങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെയുമാണ് മുംബൈയുടെ നില പരുങ്ങലായത്.

എന്നാല്‍, എല്ലാ സീസണിലേയും പോലെ ഒരുപിടി യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതും തന്നെയാണ് മുംബൈയെ സംബന്ധിച്ച് ആശ്വാസമാകുന്നത്. തിലക് വര്‍മയും ബ്രെവിസുമെല്ലാം തന്നെ ഈ സീസണിലെ താരോദയങ്ങളാണ്.

അടുത്ത മത്സരത്തിലെങ്കിലും ജയിച്ച് മുഖം രക്ഷിക്കാനാവും മുംബൈ ശ്രമിക്കുന്നത്. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആക്രമണോത്സുകതയാവും മുംബൈ രാജസ്ഥാനെതിരെ പുറത്തെടുക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏഴ് കളിയില്‍ നിന്നും അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. കളിച്ച എട്ട് മത്സരത്തിലും തോറ്റ് അവസാന സ്ഥാനത്ത് തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് മുംബൈ.

Content Highlight: Rohit Sharma about loss against Lucknow Super Giants

We use cookies to give you the best possible experience. Learn more