ടി-20 ലോകകപ്പിന്റെ ആവേശം തുടങ്ങിക്കഴിഞ്ഞു. സൂപ്പര്‍ 12ലേക്കെത്താനായി ടീമുകളുടെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടങ്ങളും ആരംഭിച്ചു കഴിഞ്ഞു. ലോകകപ്പ് ആര് നേടും എന്ന ഉത്തരത്തിന് വേണ്ടി മാത്രമാണ് ഇനി കാത്തിരിക്കേണ്ടത്.
ഇത്തവണത്തെ ടി-20 ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമാണ് രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യ. 2007ല്‍ ആദ്യമായി നേടിയ കിരീടത്തെ ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ മണ്ണിലേക്കെത്തിക്കാന്‍ തന്നെയാണ് രോഹിത്തും സംഘവും കാന്‍ബറയിലേക്ക് വിമാനം കയറിയത്.
ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും പരിക്കിന്റെ പിടിയിലാണ് എന്ന കാര്യമാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബൗളിങ്ങില്‍ ഇന്ത്യയുടെ നായകനായ ജസ്പ്രീത് ബുംറയുമാണ് പരിക്ക് കാരണം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ പ്രധാനികള്‍.
ബുംറയുടെ പരിക്ക് ഇന്ത്യയെ കുറച്ചൊന്നുമല്ല അലട്ടുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നേരിട്ട അതേ തിരിച്ചടി ലോകകപ്പിലും നേരിടേണ്ടി വരുമോ എന്നതാണ് ഇന്ത്യന്‍ ആരാധകരുടെ പ്രധാന ആശങ്ക.
ഇപ്പോഴിതാ, ജസ്പ്രീത് ബുംറയുടെ അഭാവത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബുംറയുടെ ആരോഗ്യവും കരിയറുമാണ് തങ്ങള്‍ക്കിപ്പോള്‍ പ്രധാനമെന്നായിരുന്നു രോഹിത് ശര്‍മ പറഞ്ഞത്.
‘അവന്റെ പരിക്കിനെ കുറിച്ച് നിരവധി സ്‌പെഷ്യലിസ്റ്റുകളോട് ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതികരണമല്ല അവരില്‍ നിന്നും ലഭിച്ചത്.
ആ ലോകകപ്പ് പ്രധാനമാണ്. എന്നാല്‍ ഈ ലോകകപ്പിനേക്കാള്‍ പ്രധാനം അവന്റെ കരിയറാണ്. അവനിപ്പോള്‍ 27-28 വയസ് മാത്രമാണ് പ്രായം. ഇനിയും ഒരുപാട് ക്രിക്കറ്റ് അവന്റെ മുമ്പിലുണ്ട്,’ രോഹിത് ശര്‍മ പറയുന്നു.
‘അതുകൊണ്ട് തന്നെ നമ്മള്‍ക്ക് അത്തരത്തിലുള്ള ഒരു റിസ്‌ക്കും എടുക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ സംസാരിച്ച എല്ലാ സ്‌പെഷ്യലിസ്റ്റുകള്‍ക്കും സമാനമായ അഭിപ്രായമായിരുന്നു.
അവന് മുമ്പില്‍ ഇനിയും ക്രിക്കറ്റുണ്ട്. അവന്‍ ഇനിയും കളിക്കുകയും ഇന്ത്യയെ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. ഈ ലോകകപ്പില്‍ അവനെ മിസ് ചെയ്യും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല,’ രോഹിത് കൂട്ടിച്ചേര്‍ത്തു.
അതേസമയം പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയെയാണ് ബുംറയുടെ പകരക്കാരനാവാന്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. മുഹമ്മദ് സിറാജും ഷര്‍ദുല്‍ താക്കൂറും സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെട്ടിട്ടുണ്ട്.