ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ക്യാപ്റ്റനും പ്ലെയറുമാണ് രോഹിത് ശര്‍മ. ക്യാപ്റ്റന്റെ റോളില്‍ അഞ്ച് കിരീടം നേടിയ രോഹിത് വൈസ് ക്യാപ്റ്റനായി മറ്റൊരു കിരീടവും നേടിയിരുന്നു.
ആദം ഗില്‍ക്രിസ്റ്റിന്റെ ഡെപ്യൂട്ടിയായി ഐ.പി.എല്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു രോഹിത് ആദ്യ കിരീടമണിഞ്ഞത്. ശേഷം ഡെക്കാന്‍ വിട്ട രോഹിത് മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാവുകയും ടീമിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.
ഐ.പി.എല്‍ കിരീടങ്ങള്‍ നേടിയതിന് ഒരു കാരണമുണ്ടെന്നും മത്സരം വിജയിക്കുന്നതും കിരീടമണിയുന്നതും ഒരിക്കലും അവസാനിപ്പിക്കില്ലെന്നും രോഹിത് പറഞ്ഞു. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അഞ്ച് ഐ.പി.എല്‍ കിരീടം നേടിയതിന് ഒരു കാരണമുണ്ട്. ഞാന്‍ ഇത് ഒരിക്കലും അവസാനിപ്പിക്കാനും ഒരുക്കമല്ല. ഒരിക്കല്‍ മത്സരം വിജയിക്കുന്നതിന്റെയും കിരീടം നേടുന്നതിന്റെയും രസമറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങള്‍ക്കൊരിക്കലും അത് അവസാനിപ്പിക്കാന്‍ സാധിക്കില്ല.
ഒരു ടീം എന്ന നിലയില്‍ എപ്പോഴും മുന്നോട്ട് പോകാന്‍ ശ്രമിക്കും. ഭാവിയില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഞങ്ങള്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും,’ രോഹിത് പറഞ്ഞു.
2013ലാണ് രോഹിത്തിന്റെ നേതൃത്വത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ കിരീടമണിയുന്നത്. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തായിരുന്നു മുംബൈയുടെ ആദ്യ കിരീടം.
ശേഷം 2015ലും 2019ലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയ മുംബൈ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് നേരിടേണ്ടി വന്ന 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയും തോല്‍പിച്ചു.
2020ലാണ് മുംബൈ അവസാനമായി കപ്പുയര്‍ത്തിത്. അന്ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് ടീം പരാജയപ്പെടുത്തിയത്.
ചടങ്ങില്‍ 2024 ലോകകപ്പ് നേട്ടത്തെ കുറിച്ചും അതിന് തന്നെ സഹായിച്ച മൂന്ന് തൂണുകളെ കുറിച്ചും രോഹിത് പറഞ്ഞിരുന്നു.
‘സ്റ്റാറ്റുകളെ കുറിച്ചോ മത്സര ഫലങ്ങളെ കുറിച്ചോ ചിന്തിക്കാതെ സ്വതന്ത്രമായി കളിക്കാനുള്ള അന്തരീക്ഷം ഞങ്ങള്‍ സൃഷ്ടിക്കുന്നു എന്ന കാര്യം ഉറപ്പാക്കണമായിരുന്നു. അത്തരത്തില്‍ ഈ ടീമിനെ മാറ്റിയെടുക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു.
ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. മൂന്ന് തൂണുകള്‍ എന്നെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. മിസ്റ്റര്‍ ജയ് ഷാ, മിസ്റ്റര്‍ രാഹുല്‍ ദ്രാവിഡ്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവരായിരുന്നു ആ മൂന്ന് തൂണുകള്‍,’ രോഹിത് പറഞ്ഞു.
Content Highlight: Rohit Sharma about IPL victories