|

തന്നെക്കൊണ്ട് എന്ത് സാധിക്കുമെന്ന് അവന്‍ കാണിച്ചുതന്നു, ഇനിയെല്ലാം ചെയ്യേണ്ടത് ഞങ്ങള്‍; ടീമിലെ മാറ്റത്തെ കുറിച്ച് രോഹിത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും വിജയിക്കുകയും ആറ് പോയിന്റ് നേടുകയും ചെയ്യുന്ന ഏക ടീമായും ഇന്ത്യ മാറിയിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ തന്നെ ഫൈഫര്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയെ തന്നെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

ഇപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നാല് സ്പിന്നര്‍മാരെ എങ്ങനെ ടീമിന്റെ ഭാഗമാക്കുമെന്ന് സംശയിച്ചിരുന്നതായി വ്യക്തമാക്കിയ രോഹിത് ശര്‍മ വരുണിന്റെ പ്രകടനത്തിന് പിന്നാലെ ആ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയുള്ള കോമ്പിനേഷന്‍ ശരിയായി ഉപയോഗപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പറഞ്ഞു.

‘ഞങ്ങള്‍ക്ക് നാല് സ്പിന്നര്‍മാരെ ആവശ്യമാണെങ്കിലും അവരെ എങ്ങനെ ടീമിന്റെ ഭാഗമാക്കുമെന്ന് ഞങ്ങള്‍ കാര്യമായി തന്നെ ചിന്തിക്കേണ്ടതുണ്ട്. ആ കോമ്പിനേഷന്‍ എങ്ങനെയായിരിക്കണമെന്ന് നമ്മള്‍ കൃത്യമായി പരിശോധിക്കണം.

തന്നെക്കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് അവന്‍ (വരുണ്‍ ചക്രവര്‍ത്തി) കാണിച്ചുതന്നു. ഇനി എങ്ങനെ ആ കോമ്പിനേഷന്‍ ശരിയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു,’ രോഹിത് ശര്‍മ പറഞ്ഞു.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി.

വിരാടും രോഹിത്തുമടക്കമുള്ളവര്‍ പുറത്തായെങ്കിലും മിഡില്‍ ഓര്‍ഡറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നത്. ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.

98 പന്തില്‍ 79 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.\

45 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 61 പന്തില്‍ 42 റണ്‍സടിച്ച അക്‌സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.

സൂപ്പര്‍ താരം മാറ്റ് ഹെന്റിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ തരിപ്പണമാക്കിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം 42 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനും തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം രചിന്‍ രവീന്ദ്ര ആറ് റണ്‍സിന് പുറത്തായി. എന്നാല്‍ വണ്‍ ഡൗണായെത്തിയ കെയ്ന്‍ വില്യംസണിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് ചെറുത്തുനിന്നു.

വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോ ലാഥം, ഗ്ലെന്‍ ഫിലിപ്സ് തുടങ്ങിയവരെ ഒപ്പം കൂട്ടി വലുതും ചെറുതുമായ പാര്‍ട്ണര്‍ഷിപ്പുകള്‍ വില്യംസണ്‍ കെട്ടിപ്പൊക്കി.
ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുമ്പോള്‍ മറുവശത്ത് വില്യംസണ്‍ ചെറുത്തുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 169ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി വില്യംസണ്‍ മടങ്ങി. 120 പന്ത് നേരിട്ട് 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വില്യംസണ്‍ പുറത്തായതിന് പിന്നാലെ മിച്ചല്‍ സാന്റ്നറിന്റെ പ്രകടനമൊഴിച്ചാല്‍ കാര്യമായ ചെറുത്തുനില്‍പ്പുകള്‍ കിവീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 31 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

ഒടുവില്‍ 205ന് കിവികള്‍ പുറത്തായി.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content Highlight: Rohit Sharma about including 4 spinners in team

Video Stories