ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ തനിക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇക്കാര്യം അംഗീകരിക്കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. ഗാബ ടെസ്റ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ മികച്ച രീതിയിലല്ല ബാറ്റ് ചെയ്തത്. ഇത് അംഗീകരിക്കാന്‍ ഒരു മടിയുമില്ല. എന്നാല്‍ എന്റെ മനസിലെന്താണ് എന്നതിനെ കുറിച്ചും എപ്രകാരമാണ് അതിനായി തയ്യാറെടുക്കുന്നത് എന്നതിനെ സംബന്ധിച്ചും എനിക്ക് ധാരണയുണ്ട്. ക്രീസില്‍ എത്രത്തോളം സമയം ചെലവഴിക്കാന്‍ സാധിക്കുമോ, അത്രയും നേരം അവിടെ തുടരുക എന്നതാണ് അത്.
എന്റെ മനസും ശരീരവും കാലുകളും മികച്ച രീതിയില്‍ ചലിക്കുന്നിടത്തോളം കാലം, എനിക്കായി കാര്യങ്ങള്‍ എപ്രകാരം പ്ലാന്‍ ചെയ്യുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.
കുറച്ചുകാലമായി എനിക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നുണ്ട്. എന്നാല്‍ എന്നെപ്പോലെ ഒരാള്‍ക്ക്, തന്നെക്കുറിച്ച് സ്വയം എന്ത് തോന്നുന്നു എന്നതിനെ കുറിച്ചാണ് പ്രധാനം. എന്നെ കുറിച്ച് സ്വയം നല്ലതാണെന്ന ബോധ്യം എനിക്കുണ്ട്. ശരിയാണ്, റണ്‍സുകളൊന്നും നേടാന്‍ സാധിക്കുന്നില്ല, എന്നാല്‍ ഉള്ളില്‍ മറ്റൊരു വികാരമാണ്,’ രോഹിത് പറഞ്ഞു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്റെ ഏറ്റവും മോശം സമയങ്ങളിലൊന്നിലൂടെയാണ് രോഹിത് കടന്നുപോകുന്നത്. റണ്‍സ് നേടാന്‍ പാടുപെടുന്ന ഹിറ്റ്മാനെയാണ് ആരാധകര്‍ കാണുന്നത്. ഇത് കേവലം എവേ ഗ്രൗണ്ടില്‍ മാത്രമല്ല, ഇന്ത്യന്‍ സാഹചര്യങ്ങളിലും രോഹിത് ആരാധകരെ പാടെ നിരാശപ്പെടുത്തിയിരുന്നു.
ഒടുവില്‍ കളിച്ച 13 ഇന്നിങ്‌സില്‍ നിന്നും 152 റണ്‍സ് മാത്രമാണ് രോഹിത്തിന് കണ്ടെത്താന്‍ സാധിച്ചത്. ശരാശരിയാകട്ടെ വെറും 11.83ഉം.
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതും രോഹിത്തിന്റെ കരിയറിലെ തീരാ കളങ്കമായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ ഒന്നില്‍ പോലും വിജയിക്കാന്‍ അനുവദിക്കാതെ ക്ലീന്‍ സ്വീപ് ചെയ്താണ് കിവികള്‍ പരമ്പര സ്വന്തമാക്കിയത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ബാറ്റ് ചെയ്ത മൂന്ന് ഇന്നിങ്സില്‍ നിന്നും ഏഴില്‍ താഴെ ശരാശരിയില്‍ 19 റണ്‍സ് മാത്രമാണ് രോഹിത്തിന് കണ്ടെത്താന്‍ സാധിച്ചത്. ക്യാപ്റ്റന്‍സിയിലും പലപ്പോഴായി അദ്ദേഹത്തിന് വിമര്‍ശനങ്ങളേല്‍ക്കേണ്ടി വന്നു.
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ അഡ്‌ലെയ്ഡില്‍ പരാജയപ്പെടുകയും ബ്രിസ്ബെയ്നില്‍ സമനില വഴങ്ങുകയും ചെയ്തു. രോഹിത്തിന്റെ അഭാവത്തില്‍, ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലാണ് ഇന്ത്യ പെര്‍ത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയത്.
അതേസമയം, സിഡ്‌നിയിലും മെല്‍ബണിലുമായി നടക്കുന്ന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ രോഹിത് ശര്‍മ ഇന്ത്യയുടെ ക്യാപ്റ്റന്‍സി സ്വയം ഉപേക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞിരുന്നു.
‘അടുത്ത കുറച്ച് മത്സരങ്ങളിലും രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ചേക്കും എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഇതിലും അദ്ദേഹത്തിന് റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, അദ്ദേഹം സ്വയം നിര്‍ണായകമായ ആ തീരുമാനമെടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
അദ്ദേഹം സത്യസന്ധനായ ഒരു താരമാണ്. ടീമിന് ഭാരമാകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് കരുതല്‍ നല്‍കുന്ന ക്രിക്കറ്ററാണ് രോഹിത്. ഇക്കാരണം കൊണ്ടുതന്നെ അടുത്ത രണ്ട് മത്സരത്തിലും റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം സ്വയം സ്ഥാനമൊഴിയുമെന്ന് ഞാന്‍ കരുതുന്നു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Content Highlight: Rohit Sharma about his batting performance in BGT