ബാറ്റിങ് മാത്രമല്ല ഫീല്‍ഡിങ്ങും നല്ല വശമുണ്ട്; പ്രായത്തെ വെല്ലുന്ന രോഹിത്തിന്റെ തകര്‍പ്പന്‍ ഡൈവ്
Sports News
ബാറ്റിങ് മാത്രമല്ല ഫീല്‍ഡിങ്ങും നല്ല വശമുണ്ട്; പ്രായത്തെ വെല്ലുന്ന രോഹിത്തിന്റെ തകര്‍പ്പന്‍ ഡൈവ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th January 2024, 4:14 pm

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 246 റണ്‍സിന് ഓള്‍ ഔട്ട്. ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 61.3 ഓവര്‍ പിന്നിട്ടപ്പോള്‍ 246 റണ്‍സിനാണ് ത്രീ ലയേണ്‍സ് തകര്‍ന്നത്. സ്പിന്‍ മാന്ത്രികതയിലാണ് ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍നേടിയപ്പോള്‍ അക്‌സര്‍ പട്ടേലിന്റെ രണ്ട് വിക്കറ്റുകളും നേടി ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഓപ്പണര്‍മാരായ സാക്ക് ക്രോളി 20 (40), ബെന്‍ ഡക്കറ്റ് 35 (39) എന്നിവരെ പറഞ്ഞയച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ സ്പിന്‍ മാന്ത്രികം ആരംഭിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ ആണ് ഇരുവരുടെയും വിക്കറ്റ് നേടിയത്.

ശേഷം ഇറങ്ങിയ ഒല്ലി പോപ് 1 (11), ജോ റൂട്ട് 29 (60) എന്നിവരെ രവീന്ദ്ര ജഡേജയും കീഴടക്കിയതോടെ ഇംഗ്ലണ്ടിന്റെ ടോപ്പ് ഓര്‍ഡര്‍ തകിടം മറിയുകയായിരുന്നു. ഒല്ലി പോപ്പിന്റെ വിക്കറ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മ ഐതിഹാസികമായ ഒരു ഡൈവില്‍ കയ്യില്‍ ഒതുക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന രോഹിത്തിന്റെ ഈ തകര്‍പ്പന്‍ ഡൈവ് ക്യാച്ച് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

 

മധ്യനിരയിലിറങ്ങിയ ജോണി ബെയര്‍സ്റ്റോ 58 പന്തില്‍ 37 റണ്‍സ് നേടി നില്‍ക്കെ അക്സര്‍ പട്ടേലിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ മികവിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍ എത്തിയത്. 88 പന്തില്‍ മൂന്ന് സിക്‌സറുകളും ആറ് ബൗണ്ടറികളും അടക്കം 70 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ ബുംറയാണ് സ്റ്റോക്സിന്റെ വിക്കറ്റ് നേടിയത്.

 

 

 

Content Highlight: Rohit’s stunning dive catch that defies age