| Monday, 4th November 2019, 5:15 pm

'കല്യാണത്തിന് മുമ്പേ തര്‍ക്കം തുടങ്ങിയാല്‍...'; മഹാരാഷ്ട്രയിലെ തര്‍ക്കത്തെ പരിഹസിച്ച് എന്‍.സി.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നതില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.സി.പി നേതാവ് രോഹിത് രാജേന്ദ്ര പവാര്‍. ഇപ്പോള്‍ എന്‍.ഡി.എ സഖ്യകക്ഷികള്‍ സംസ്ഥാനത്ത് നടത്തുന്ന രാഷ്ട്രീയ ചരടുവലികള്‍ ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവസേന നേതാവും സ്ഥാപകനുമായ ബാലസാഹിബ് താക്കറെയെ താന്‍ ബഹുമാനിക്കുന്നെന്നും അദ്ദേഹമിപ്പോള്‍ ജിവിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഈ ധൈര്യമുണ്ടാകുമായിരുന്നോ എന്നും രോഹിത് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.

‘ജനങ്ങളുടെ ബഹുമാനം നേടിയെടുത്ത നിരവധി ജനപ്രതിനിധികളാല്‍ അനുഗ്രഹീതമാണ് മഹാരാഷ്ട്ര. അതിലൊരാളായിരുന്നു ബാലസാഹിബ് താക്കറെ. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ദേശീയ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലാണ് അതിലൊന്ന്. ശിവസേനയുമായി ഭരണം തുല്യമായി പങ്കിടാമെന്നായിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍, അവര്‍ വാക്കുപാലിക്കാന്‍ തയ്യാറാവുന്നില്ല. ഈ അവസരത്തില്‍ ഞാന്‍ ചോദിക്കുകയാണ്, ബാലസാഹിബ് താക്കറെ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അവര്‍ ഈ ധൈര്യം കാണിക്കുമായിരുന്നോ?’, രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്തെ കര്‍ഷകര്‍ വരള്‍ച്ചയില്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാരില്ലാത്തത് തന്നെ ആശങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നഗരത്തിലുള്ളവരേക്കാള്‍ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലെങ്കിലും അവര്‍ക്കുവേണ്ടി ഒരു സര്‍ക്കാര്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്. ഞങ്ങളെ പ്രതിപക്ഷത്തേക്കാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഞങ്ങളത് അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. പക്ഷേ, അധികാരത്തെച്ചൊല്ലി ബി.ജെ.പിയും ശിവസേനയും തുടരുന്ന ചരടുവലികള്‍ ജനാധിപത്യത്തെ അപമാനിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരത് പവാറിന്റെ കൊച്ചുമകന്‍ കൂടിയാണ് രോഹിത് രാജേന്ദ്ര പവാര്‍. തെരഞ്ഞെടുപ്പില്‍ കര്‍ജാട്ട് ജാംഖെഡ് മണ്ഡലത്തില്‍നിന്നും വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ തര്‍ക്കങ്ങള്‍ തുടങ്ങിയാല്‍ എങ്ങനെയാണ് സഖ്യം അഞ്ചുവര്‍ഷം തികയ്ക്കുക എന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

‘അവര്‍ ഭരിക്കുമ്പോള്‍തന്നെ പ്രശ്‌നങ്ങളുണ്ടാകുന്നത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. ശിവസേനയുമായി സഖ്യത്തിലേര്‍പ്പെടുന്നതില്‍ അവര്‍ പ്രതിസന്ധിയിലാകുന്നതും ജനങ്ങള്‍ കാണുന്നു. കല്യാണത്തിന് മുമ്പേ തര്‍ക്കങ്ങളുണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് സന്തോഷമുള്ള ഒരു ഭാവിയുണ്ടാവുക എന്ന ചോദ്യമാണ് ഉയരുന്നത്’, രോഹിത് പറഞ്ഞു.

ലക്ഷ്യത്തിലെത്തുന്നതിനു മുമ്പേ അതിലേക്കുള്ള വഴിയാണ് തമാശയാകുന്നതെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി രോഹിത് രംഗത്തെത്തിയിരിക്കുന്നത്. ഉദ്ധവ് താക്കറെയുടെ കൂടെയുള്ള ചിത്രത്തിനൊപ്പമാണ് റാവത്ത് ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തത്.

സഖ്യകക്ഷിയായ ബി.ജെ.പിയെ ആക്രമിച്ചുകൊണ്ട് പകുതി ഭരണം ലഭിക്കുന്നതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് റാവത്ത് ഞായറാഴ്ച പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദം മാത്രമേ ബി.ജെ.പിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയുള്ളു എന്നും റാവത്ത് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എത്രയും പെട്ടെന്ന് തന്നെ മഹാരാഷ്ട്രയില്‍ മന്ത്രിസഭ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more