ആ സിനിമയുടെ സമയത്ത് മാത്രം മമ്മൂക്കയെ കണ്ടു; ചെറുപ്പം ചെയ്യുമ്പോഴും അദ്ദേഹത്തെ കാണുന്നത് അപൂര്‍വം: രോഹിത്ത്
Entertainment
ആ സിനിമയുടെ സമയത്ത് മാത്രം മമ്മൂക്കയെ കണ്ടു; ചെറുപ്പം ചെയ്യുമ്പോഴും അദ്ദേഹത്തെ കാണുന്നത് അപൂര്‍വം: രോഹിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2024, 5:17 pm

നാലാം ക്ലാസ് മുതല്‍ അഭിനയം തുടങ്ങി പിന്നീട് മമ്മൂട്ടിയുടെ ചെറുപ്പക്കാലം ചെയ്ത് ഏറെ ശ്രദ്ധേയനായ നടനാണ് രോഹിത്ത് മേനോന്‍. നിരവധി സിനിമകളില്‍ രോഹിത്ത് മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ജൂനിയര്‍ മമ്മൂക്ക’ എന്ന ടാഗ്‌ലൈന്‍ പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

2015ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പത്തേമാരിയായിരുന്നു രോഹിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയുടെ ചെറുപ്പം ചെയ്യുന്നത് കൊണ്ടുതന്നെ അദ്ദേഹത്തെ തനിക്ക് നേരിട്ട് കാണാന്‍ പറ്റാറില്ലെന്ന് പറയുകയാണ് രോഹിത്ത് മേനോന്‍.

എപ്പോഴും മമ്മൂട്ടിയില്ലാത്ത സമയത്താണ് തന്റെ പോര്‍ഷനുകള്‍ ഷൂട്ട് ചെയ്യാനുണ്ടാകുകയെന്നും അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓഫ് റോഡിന്റെ പ്രൊമോഷന്റെ ഭാഗമായി വണ്‍ റ്റു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്ത്.

‘മമ്മൂക്കയുടെ ചെറുപ്പം ചെയ്യുന്നത് കൊണ്ടുതന്നെ അദ്ദേഹത്തെ എനിക്ക് നേരിട്ട് കാണാന്‍ പറ്റില്ല. എപ്പോഴും അദ്ദേഹം ഇല്ലാത്ത സമയത്താണ് എന്റെ പോര്‍ഷനുകള്‍ ഷൂട്ട് ചെയ്യാന്‍ ഉണ്ടാകുക. എന്റെ ഫ്രണ്ട്‌സൊക്കെ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.

‘നീ മമ്മൂക്കയുടെ കുറേ സിനിമകള്‍ ചെയ്തതല്ലേ. അപ്പോള്‍ അദ്ദേഹം ലൊക്കേഷനില്‍ വന്നാല്‍ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം’ എന്ന് അവര്‍ പറയും. പക്ഷെ ഞാന്‍ ഇതുവരെ വളരെ കുറച്ച് തവണ മാത്രമേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ.

ഒരു സിനിമയില്‍ മാത്രം അദ്ദേഹത്തിന്റെ കൂടെ പൂര്‍ണമായും അഭിനയിക്കാന്‍ പറ്റിയിരുന്നു. ഫേസ് ടു ഫേസ് എന്ന ഒരു സിനിമയിലായിരുന്നു അത്. ആ ചിത്രത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ മകനായിട്ടാണ് അഭിനയിച്ചത്. അതുകൊണ്ട് മമ്മൂക്കയുടെ കൂടെ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. സത്യത്തില്‍ ആ സിനിമയില്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ അത്രയെങ്കിലും നേരിട്ട് കണ്ടത്.

പിന്നെ മമ്മൂക്കയെ കുറിച്ച് പിന്നെ കൂടുതല്‍ പറയേണ്ട ആവശ്യമില്ലല്ലോ. വളരെ ലെജന്ററിയായ ഒരു നടനാണ് അദ്ദേഹം. മൈന്യൂട്ടായ ഓരോ കാര്യങ്ങളും മമ്മൂക്ക ചെയ്യുന്നത് കാണുമ്പോള്‍ അത് ശ്രദ്ധിക്കാറുണ്ട്. അതില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കാറുമുണ്ട്,’ രോഹിത്ത് മേനോന്‍ പറഞ്ഞു.

Content Highlight: Rohit Menon Talks About Face To Face Movie With Mammootty