അന്ന് ആ നടന്മാരുടെ ചെറുപ്പം ചെയ്തു; ഇന്ന് ആ കാരണത്താല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല: രോഹിത്ത്
Entertainment
അന്ന് ആ നടന്മാരുടെ ചെറുപ്പം ചെയ്തു; ഇന്ന് ആ കാരണത്താല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല: രോഹിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2024, 8:28 pm

മമ്മൂട്ടിയുടെ ചെറുപ്പകാലം ചെയ്ത് ശ്രദ്ധേയനായ നടനാണ് രോഹിത്ത് മേനോന്‍. നിരവധി സിനിമകളില്‍ രോഹിത്ത് മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ജൂനിയര്‍ മമ്മൂക്ക’ എന്ന ടാഗ് പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

മമ്മൂട്ടിക്ക് പുറമെ മറ്റ് നടന്മാരുടെയും ചെറുപ്പം ചെയ്യാനുള്ള അവസരം രോഹിത്തിന് ലഭിച്ചിരുന്നു. 2015ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പത്തേമാരിയായിരുന്നു രോഹിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ. അതിന് മുമ്പ് വെള്ളിമൂങ്ങയിലും നടന്‍ അഭിനയിച്ചിരുന്നു.

നടന്മാരുടെ ചെറുപ്പകാലം അഭിനയിച്ച് മടുത്തോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് രോഹിത്ത് മേനോന്‍. പണ്ട് ചെറുപ്പം ചെയ്തത് കൊണ്ട് ഇപ്പോള്‍ പല കഥാപാത്രങ്ങളും കിട്ടാത്ത പ്രശ്‌നമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മമ്മൂട്ടിയുടെ ചെറുപ്പം ചെയ്ത നടനെന്ന് പറഞ്ഞാണ് മിക്കവരും തന്നെ പരിചയപ്പെടുത്തുന്നതെന്നും ആ സമയത്ത് വലിയ സന്തോഷമാണ് തോന്നാറുള്ളതെന്നും നടന്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഓഫ് റോഡിന്റെ പ്രൊമോഷന്റെ ഭാഗമായി വണ്‍ റ്റു ടോക്ക്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്ത്.

‘ചെറുപ്പകാലം അഭിനയിച്ച് മടുത്തോയെന്ന് ചോദിച്ചാല്‍, പണ്ട് ചെറുപ്പം ചെയ്തത് കൊണ്ട് ഇപ്പോള്‍ പല കഥാപാത്രങ്ങളും കിട്ടാത്ത പ്രശ്‌നമുണ്ട്. നമ്മളെ കാണുന്നതും നമ്മളെ വിളിക്കുന്നതും ആ ഒരു മൈന്‍ഡ് സെറ്റില്‍ തന്നെയാണ്. നടന്മാരുടെ ചെറുപ്പമായി അഭിനയിക്കുന്ന സമയത്ത് വളരെ എന്‍ജോയ്‌മെന്റ് തന്നെയാണ്.

മമ്മൂക്കയുടെ ചെറുപ്പം ചെയ്ത നടന്‍ എന്ന് പറഞ്ഞാണ് മിക്കവരും എന്നെ ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്. ആ സമയത്ത് വലിയ സന്തോഷമാണ് തോന്നാറുള്ളത്. വെള്ളിമൂങ്ങയില്‍ ഉള്‍പ്പെടെ നായകന്റെ ചെറുപ്പമായിട്ടാണ് അഭിനയിച്ചിട്ടുള്ളത്. അതൊക്കെ തിയേറ്ററില്‍ ആക്‌സെപ്റ്റ് ചെയ്തിട്ടുള്ള സിനിമകളാണ്,’ രോഹിത്ത് മേനോന്‍ പറഞ്ഞു.

Content Highlight: Rohit Menon Says earlier he acted in the youth of many actors, so today he didn’t get opportunities in films