2023 ഐ.സി.സി ഏകദിന വേള്‍ഡ് കപ്പിലെ രോഹിത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് പാകിസ്താന്‍ താരം ഷോയ്ബ് മാലിക്. വിരാട് കോഹ്‌ലി, ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരില്‍ നിന്നും വ്യത്യസ്തനാണ് രോഹിത്തെന്നും അവന്‍ എല്ലാ ബൗളര്‍മാരെയും ആക്രമിച്ച് കളിക്കുന്നുണ്ടെന്നും ഷോയിബ് മാലിക് എക്‌സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
‘അവന്‍ എതിര്‍ ടീമിലെ എല്ലാ ബൗളര്‍മാരെയും ആക്രമിച്ച് കളിക്കുന്നു. വിരാട് കോഹ്‌ലി, ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ എതിര്‍ ടീമിലെ ഒന്നോ രണ്ടോ ബൗളര്‍മാരെ മാത്രമാണ് ആക്രമിച്ചു കളിക്കുന്നത്. രോഹിത് അവരില്‍ നിന്ന് വ്യത്യസ്തനാണ്, ‘ ഷോയ്ബ് മാലിക് പറഞ്ഞു.
‘ഞങ്ങള്‍ക്കൊരു അറബി ടീച്ചര്‍ ഉണ്ടായിരുന്നു. അദ്ദേഹം ക്ലാസ്സില്‍ വരുമ്പോള്‍ തന്നെ എല്ലാ വിദ്യാര്‍ത്ഥികളും എഴുന്നേല്‍ക്കുക പതിവായിരുന്നു. ആ അറബി ടീച്ചറെ പോലെയാണ് രോഹിത്. അവന്‍ ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ എതിരാളികള്‍ എഴുന്നേറ്റ് നില്‍ക്കും,’ അദ്ദേഹം പറഞ്ഞു.
ഈ ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 55.88 ശരാശരിയില്‍ 503 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. 24 സിക്‌സറുകളും 58 ഫോറുകളും രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്. 2023 വേള്‍കപ്പില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരവും രോഹിത്താണ്.കഴിഞ്ഞ ദിവസം നെതര്‍ലാന്‍സിനെതിരായ മത്സരത്തില്‍ തേജ നിതമാനുരുവിന്റെ വിക്കറ്റും രോഹിത് നേടിയിരുന്നു.
കളിച്ച ഒമ്പത് മത്സരങ്ങളും വിജയിച്ച് 18 പോയിന്റോടെ രോഹിത് ശര്‍മയും സംഘവും ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഇതോടെ നവംബര്‍ 15ന് മുംബൈ വാംഖഡെയില്‍ നടക്കാനിരിക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളി.
content highlight : Rohit is not like Kohli, Root or Babar; Shoaib Malik