ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. നിലവില്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ഇന്ത്യ നേടിയത്.
മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് 96 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
മത്സരത്തിന്റെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ ഡി.ആര്‍.എസ് എടുത്തിരുന്നു. വിക്കറ്റ് വിളിച്ചതിനായിരുന്നില്ല മറിച്ച് വൈഡ് വിളിക്കാത്തതിനായിരുന്നു ഇന്ത്യന്‍ നായകന്‍ അമ്പയറിന്റെ തീരുമാനത്തെ ചോദ്യം ചെയ്തത്.
രണ്ടാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. വെയ്ന്‍ പാര്‍ണെല്‍ ലെഗ് സൈഡിലേക്ക് നീട്ടിയെറിഞ്ഞ പന്ത് അമ്പയര്‍ വൈഡ് വിളിച്ചിരുന്നില്ല. തന്റെ ബാറ്റിലോ പാഡിലോ പന്ത് കൊണ്ടിരുന്നില്ല എന്ന് വ്യക്തമായിരുന്ന രോഹിത് ഉടന്‍ തന്നെ ഡി.ആര്‍.എസ്സിന് നല്‍കുകയായിരുന്നു.
അമ്പയര്‍ വൈഡ് വിളിക്കാത്തതിന് പിന്നാലെയുള്ള താരത്തിന്റെ റിയാക്ഷനും രസകരമായിരുന്നു. തീര്‍ത്തും നിരാശനായും ദേഷ്യപ്പെട്ടുമാണ് താരം ഡി.ആര്‍.എസ്സിന് അപ്പീല്‍ ചെയ്തത്.
അള്‍ട്രാ എഡ്ജ് പരിശോധനയില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ലെന്ന് വ്യക്തമാവുകയും രോഹിത് വൈഡ് നേടിയെടുക്കുകയുമായിരുന്നു.
നേരത്തെ ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച പ്രോട്ടീസ് നായകന്‍ തെംബ ബാവുമയുടെ തിരുമാനം തെറ്റിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്.
കെ.എല്‍. രാഹുല്‍ 28 പന്തില്‍ നിന്നും 57ഉം രോഹിത് ശര്‍മ 37 പന്തില്‍ നിന്നും 43 റണ്‍സും നേടി പുറത്തായി.