ഇന്ത്യ- സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി മികവില്‍ 245 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് തങ്ങളുടെ മികച്ച ശക്തി പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരെ വരച്ച വരയില്‍ നിര്‍ത്തി ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ 287 പന്തില്‍ നിന്ന് 28 ബൗണ്ടറികളടക്കം 185 റണ്‍സ് ആണ് അടിച്ചു കൂട്ടിയത്. മാര്‍ക്കോ യാന്‍സന്‍ 85 (147), ഡേവിഡ് ബെഡിങ് ഹാം 56* (87) എന്നിവര്‍ മികച്ച പ്രകടനം നടത്തി സൗത്ത് ആഫ്രിക്കയെ 408 റണ്‍സില്‍ എത്തിക്കുകയായിരുന്നു.
163 റണ്‍സിന്റെ ലീഡ് മറികടക്കാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ സ്‌ട്രൈക്ക് ചെയ്ത രോഹിത് ശര്‍മ എട്ട് പന്ത് നേരിട്ട് പൂജ്യം റണ്‍സിനാണ് മടങ്ങി പോയത്. സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ കിഗീസോ റബാദ ക്ലീന്‍ ബൗള്‍ഡ് ചെയ്താണ് ഇന്ത്യന്‍ ക്യാപ്റ്റനെ പറഞ്ഞയച്ചത്. തുടര്‍ന്ന് നന്ദ്രെ ബര്‍ഗര്‍ അഞ്ച് റണ്‍സ് നേടിയ യശ്വസി ജയ്‌സ്വാളിനെയും പുറത്താക്കിയതോടെ ഇന്ത്യയുടെ അടി തെറ്റി.
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ പൂജ്യവും നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദയനീയമായ പ്രകടനമാണ് നടത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടുന്നവരുടെ പട്ടികയില്‍ വിരേന്ദര്‍ സേവാഗിന്റെ ഒപ്പം പട്ടികയില്‍ നാലാം സ്ഥാനത്ത് ചേര്‍ന്നിരിക്കുകയാണ് രോഹിത്. ഈ ലിസ്റ്റില്‍ വിരാട് കോഹ്‌ലിയാണ് ഏറ്റവും കൂടുതല്‍ ഡക്ക് നേടിയത്.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഡക്ക് നേടിയവരുടെ പട്ടിക
ബാറ്റര്‍, വിക്കറ്റ്, ഇന്നിങ്‌സ്
വിരാട് കോഹ്‌ലി – 34 – 575
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 34 – 782
വിരേന്ദര്‍ സേവാഗ് – 31 – 430
രോഹിത് ശര്‍മ – 31 – 483
സൗരവ് ഗാംഗുലി – 29 – 484
ആദ്യ ഇന്നിങ്‌സില്‍ തന്നെ പ്രോട്ടിയാസ് സ്റ്റാര്‍ പേസര്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. രാഹുലിന്റെ സെഞ്ച്വറി മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ എങ്കിലും ഇന്ത്യ എത്തിയത്. ആദ്യ ടെസ്റ്റ് ആധിപത്യം സൗത്ത് ആഫ്രിക്ക വീണ്ടെടുക്കുന്ന കാഴ്ചയാണ് തുടരുന്നത്.
Content Highlight: Rohit again in the record list of ducks