| Tuesday, 19th September 2017, 12:18 pm

റോഹിങ്ക്യകള്‍ മ്യാന്‍മര്‍ ഭൂപടത്തില്‍നിന്ന് തുടച്ചുമാറ്റപ്പെട്ടതായി സാറ്റലൈറ്റ് റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടത് തീവ്രവാദികളെന്ന് മ്യാന്‍മര്‍ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാംഗോന്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയില്‍ ഒരു ജനതയൊന്നാകെ ഭൂപടത്തില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് പേരാണ് മ്യാന്മറില്‍ നിന്ന് പലായനം ചെയ്തത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങളെ ഉദ്ധരിച്ച് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആയിരക്കണക്കിന് വീടുകള്‍ സൈന്യം അഗ്നിക്കിരയാക്കിയിരുന്നു. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യംപില്‍ 4,17000 ത്തോളം അഭയാര്‍ത്ഥികളുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ അനൗദ്യോഗിക കണക്ക്. മ്യാന്‍മറില്‍ നടക്കുന്നത് ” വംശീയ വെടിപ്പാക്കലാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട്‌റെസ് അഭിപ്രായപ്പെട്ടിരുന്നു.


Also Read: മോദിയുടെ വികസനം കൊണ്ട് രാജ്യത്തിന് ഭ്രാന്തായി: വിടി ബല്‍റാം


അതേസമയം റോഹിങ്ക്യന്‍ മുസ്‌ലീങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അരാകന്‍ പദ്ധതി ഡയറക്ടര്‍ ക്രിസ് ലിവ പറഞ്ഞു. സൈന്യം ക്രമേണ ഓരോ ഗ്രാമങ്ങളെയും ഇല്ലാതാക്കി. പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും അവിടേയ്ക്ക് പ്രവേശനമില്ലെന്നും ലിവ കൂട്ടിച്ചേര്‍ത്തു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളിലും പുക മൂടിയ അവ്യക്തമായ ഭൂപ്രദേശമാണ് കാണാനാവുന്നത്. എന്നാല്‍ 400 പേര്‍ മാത്രമെ കലാപത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളൂവെന്നും അതില്‍ ചിലര്‍ തീവ്രവാദികളാണെന്നുമാണ് മ്യാന്‍മര്‍ സര്‍ക്കാരിന്റെ നിലപാട്.

അതേ സമയം റോഹിങ്ക്യയിലെ അഭയാര്‍ത്ഥി വിഷയത്തില്‍ അന്താരാഷ്ട്ര വിചാരണയെ ഭയപ്പെടുന്നില്ലെന്ന് മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂചി പറഞ്ഞു. എല്ലാ മനുഷ്യാവകാശലംഘനങ്ങളും അപലപനീയമാണെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സൂചി പറഞ്ഞു.

We use cookies to give you the best possible experience. Learn more