നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമെ റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് പറഞ്ഞയക്കാന്‍ പാടുള്ളു: സുപ്രീം കോടതി
national news
നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമെ റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് പറഞ്ഞയക്കാന്‍ പാടുള്ളു: സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 4:41 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ തടവില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ മ്യാന്‍മറിലേക്ക് പറഞ്ഞയ്ക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

ജമ്മു കശ്മീരില്‍ തടവില്‍ കഴിയുന്ന 150 പേരെ നാട് കടത്തുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് കോടതി വിധി. ഇന്ത്യയിലെ താമസിക്കുന്ന അഭയാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്ത മ്യാന്‍മറിലേക്ക് റോഹിങ്ക്യന്‍ പെണ്‍കുട്ടിയെ തിരികെ അയക്കാന്‍ ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

മ്യാന്‍മറില്‍ സൈന്യത്തിന്റെ അതിക്രമം അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പതിനാല് വയസുള്ള പെണ്‍കുട്ടിയെ ഇന്ത്യ മ്യാന്‍മറിലേക്ക് അയക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷം മുമ്പാണ് പെണ്‍കുട്ടി അനധികൃതമായി ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എട്ട് പൊലീസുകാരുടെ അകമ്പടിയോടെയാണ് പെണ്‍കുട്ടിയെ മ്യാന്‍മര്‍ അധികൃതര്‍ക്ക് കൈമാറുക എന്നും അസം ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മ്യാന്‍മറില്‍ പട്ടാളം അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ആദ്യമായി നാടുകടത്തുന്നത് ഈ പെണ്‍കുട്ടിയെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Rohingyas detained in Jammu shall not be deported to Myanmar without due procedure says Supreme Court