മ്യാന്‍മര്‍: ന്യൂനപക്ഷമായ റോഹിംഗ്യാ മുസ്‌ലീംകള്‍ക്കെതിരെ മ്യാന്‍മര്‍ ഭരണകൂടം. റോഹിംഗ്യാകള്‍ തങ്ങളുടെ പൗരന്മാരല്ലെന്ന് മ്യാന്‍മര്‍ ഔദ്യോഗികമായി വ്യക്തമാക്കി. മ്യാന്‍മര്‍ പൗരത്വം അവകാശപ്പെടാന്‍ ഇവര്‍ക്കധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.[]
രാജ്യത്തെ 130 ഔദ്യോഗിക ഗോത്രവംശങ്ങളില്‍പ്പെട്ടവരല്ല റോഹിംഗ്യകളെന്ന് ഇമിഗ്രേഷന്‍ മന്ത്രി തെയ്ന്‍ റ്റെ വ്യക്തമാക്കി. അഭയാര്‍ത്ഥികളായ ബംഗ്ലാദേശി മുസ്‌ലീംകളാണിവരെന്നും അദ്ദേഹം പറഞ്ഞു.
മ്യാന്‍മറിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് യു.എന്‍.എച്ച്.സി.ആര്‍ പ്രവര്‍ത്തകരെ മ്യാന്‍മര്‍ അധികൃതര്‍ അറസ്റ്റുചെയ്തിരുന്നു. രാഖിനി കലാപത്തില്‍ യു.എന്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്നതിന് സര്‍ക്കാരിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും തെയ്ന്‍ അറിയിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ യു.എന്‍.എച്ച്.സി.ആര്‍ നിഷേധിച്ചിട്ടുണ്ട്.
1982 സര്‍ക്കാര്‍ കണക്ക് പ്രകാരം 750,000 റോഹിംഗ്യാ മുസ്‌ലീംകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണിതെന്നാണ് സര്‍ക്കാര്‍ നിലപാട്. വര്‍ഷങ്ങളായി ക്രൂരമായ പീഡനങ്ങളും ലൈംഗിക ചൂഷണങ്ങളും വിവേചനങ്ങള്‍ക്കും ഇരയാവുകയാണിവര്‍.
കഴിഞ്ഞമാസമാണ് റോഹിംഗ്യാ മുസ്‌ലീംകള്‍ക്കെതിരായ ആക്രമണം ശക്തമായത്. രാഖിനി വിഭാഗത്തില്‍ യുവതിയെ മൂന്ന് റോഹിംഗ്യകള്‍ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണ് ബുദ്ധിസ്റ്റുകള്‍ ഇവരെ ആക്രമണം ആരംഭിച്ചത്. ബുദ്ധിസ്റ്റുകള്‍ 10 റോഹിംഗ്യകളെ വധിച്ചതോടെ ഇവിടുത്തെ സ്ഥിതി വഷളാവുകയായിരുന്നു. ഇതുവരെ 80പേര്‍ ഈ കലാപത്തില്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കൂടാതെ നൂറുകണക്കിന് വീടുകള്‍ കത്തിയെരിക്കപ്പെട്ടു.
മുസ്തഫ പി. എറയ്ക്കലിന്റ ലേഖനം വായിക്കൂ..
‘വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍‘