| Monday, 13th March 2023, 11:58 pm

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ തീപ്പിടിത്തം ആസൂത്രിതം; വഴിയാധാരമായത് 12000ത്തിലധികം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ തീപ്പിടിത്തം അട്ടിമറിയാണെന്ന് അന്വേഷണ സമിതി. ക്യാമ്പുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ വേണ്ടി തീവ്രവാദികളാണ് തീയിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഒരേ സമയം വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന തീവെപ്പ് ആസൂത്രിതമാണെന്നും ഉദ്യോഗസ്ഥനായ അബു സുഫിയാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തീപ്പിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഏഴംഗ അന്വേഷണ സമിതി 150 ദൃക്‌സാക്ഷികളില്‍ നിന്ന് മൊഴിയെടുത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നിലുള്ള തീവ്രവാദി ഗ്രൂപ്പുകളാരെന്ന് കണ്ടുപിടിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാര്‍ച്ച് നാലിനാണ് റോഹിങ്ക്യന്‍ ക്യാമ്പിന് തീപ്പിടിച്ചത്. സംഭവത്തില്‍ ആയിരക്കണക്കിന് വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

ബംഗ്ലാദേശിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍.

ഏകദേശം 2000ത്തിനടുത്ത് വീടുകള്‍ കത്തി നശിച്ചിതായാണ് റിപ്പോര്‍ട്ട്. 12000നടുത്ത് അഭയാര്‍ത്ഥികളാണ് വഴിയാധാരമായത്. സ്ഥലത്തുണ്ടായിരുന്ന 35 ഓളം പള്ളികളും 20നടുത്ത് അഭയാര്‍ത്ഥി വിദ്യാഭ്യാസ സെന്ററുകളും നശിച്ചു.

മ്യാന്‍മാറിലുണ്ടായ വംശീയ കൂട്ടക്കൊലയെത്തുടര്‍ന്ന് 10 ലക്ഷത്തിനടുത്ത് റോഹിങ്ക്യന്‍ മുസ്‌ലിങ്ങളാണ് ബംഗ്ലാദേശില്‍ മാത്രം അഭയാര്‍ത്ഥികളായി എത്തിയത്. 2017 മുതല്‍ ആരംഭിച്ച കുടിയേറ്റം ബംഗ്ലാദേശിനും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.

ഈ വര്‍ഷമാദ്യത്തില്‍ റോഹിങ്ക്യന്‍ ജനതക്ക് യു.എന്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായവും വെട്ടിക്കുറച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപ്പിടിത്തമുണ്ടാകുന്നത് ആദ്യമായല്ല. 2021, 22 വര്‍ഷങ്ങളില്‍ 222 തവണ തീപ്പിടിത്തമുണ്ടായിട്ടുണ്ട്. 60 എണ്ണം മനപ്പൂര്‍വ്വം തീവെച്ചതാണെന്ന് പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

CONTENT HIGHLIGHT: Rohingya refugee camp fire planned; It is more than 12000 people

We use cookies to give you the best possible experience. Learn more