ലണ്ടന്‍: മ്യാന്‍മര്‍ വിഷയത്തില്‍ തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടന്നതില്‍ ഫേസ്ബുക്കിനെതിരെ കേസ് ഫയല്‍ ചെയ്ത് റോഹിങ്ക്യ മുസ്‌ലിങ്ങള്‍. അമേരിക്കയിലും ബ്രിട്ടനിലുമുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഫേസ്ബുക്കിനെതിരെ 150 ബില്യണ്‍ പൗണ്ടിന്റെ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തത്.
റോഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് അനുവാദം നല്‍കിയെന്ന് ആരോപിച്ചാണ് പരാതി. മ്യാന്‍മറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങളേയും വിദ്വേഷ പ്രചരണങ്ങളേയും ഫേസ്ബുക്ക് പ്രോത്സാഹിപ്പിച്ചു എന്നാണ് കേസില്‍ ആരോപിക്കുന്നത്.
റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ സംബന്ധിച്ച തെറ്റായ വിവരങ്ങളും അവര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതായ വാര്‍ത്തകളും വര്‍ഷങ്ങളോളം തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുന്നതിന് ഫേസ്ബുക്ക് മൗനാനുവാദം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പ്രതിനിധീകരിച്ച് ബ്രിട്ടനിലെ ഒരു നിയമസ്ഥാപനം ഫേസ്ബുക്കിന് ഇക്കാര്യം പറഞ്ഞ് കത്തയച്ചിട്ടുമുണ്ട്. ഫേസ്ബുക്കിന്റെ അല്‍ഗൊരിതം റോഹിങ്ക്യകള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തെ വര്‍ധിപ്പിച്ചെന്നും കൂടുതല്‍ പ്രചരിപ്പിച്ചെന്നുമാണ് കത്തില്‍ പറയുന്നത്.
മ്യാന്‍മറിലെ രാഷ്ട്രീയസാഹചര്യം വിലയിരുത്തുമ്പൊഴോ അത് സംബന്ധിച്ച പോസ്റ്റുകള്‍ വരുമ്പോഴോ ഫേസ്ബുക്ക് ഫാക്ട് ചെക്കിങ് സേവനം ഉപയോഗിച്ചില്ലെന്ന ഗുരുതര ആരോപണവും കത്തില്‍ പറയുന്നുണ്ട്. റോഹിങ്ക്യകള്‍ക്കെതിരായ അക്രമത്തിലേയ്ക്ക് നയിക്കാവുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയോ അതിനെതിരായ നടപടിയെടുക്കുകയോ ഫേസ്ബുക്ക് ശ്രമിച്ചില്ലെന്നും പറയുന്നു.
അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ഫേസ്ബുക്കിനെതിരെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഫേസ്ബുക്കോ മാതൃകമ്പനിയായ മെറ്റയോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017ല്‍ മാത്രം റോഹിങ്ക്യകള്‍ക്കെതിരെ ബുദ്ധമതം ഭൂരിപക്ഷമുള്ള മ്യാന്‍മറിലെ പട്ടാളം നടത്തിയ ആക്രമണങ്ങളില്‍ 10,000ലധികം റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ മരിച്ചതായാണ് കണക്ക്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Rohingya Muslims sue facebook for 150 billion pounds for the hate speech against them in the platform