| Saturday, 1st January 2022, 11:36 am

പാതി നശിച്ച ബോട്ടില്‍ ഒരു മാസത്തോളം കടല്‍യാത്ര; ഇന്തോനേഷ്യയുടെ മനംമാറ്റത്തിനൊടുവില്‍ തീരമണഞ്ഞ് റോഹിങ്ക്യകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: 120 റോഹിങ്ക്യ മുസ്‌ലിം അഭയാര്‍ത്ഥികളടങ്ങിയ സംഘത്തെ ഇന്തോനേഷ്യന്‍ തീരത്ത് ലാന്‍ഡ് ചെയ്യാന്‍ അനുവദിച്ചു.

”സംഘത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമാണുള്ളത്. ബോട്ടിലെ സാഹചര്യവും പലരുടെയും ആരോഗ്യസ്ഥിതിയും മോശമായതിനെത്തുടര്‍ന്നാണ് ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കാനുള്ള തീരുമാനത്തിലെത്തിയത്,” രാഷ്ട്രീയ, നിയമ സുരക്ഷാ വിഭാഗം മന്ത്രാലയത്തിലെ റെഫ്യൂജി (അഭയാര്‍ത്ഥി) ടാസ്‌ക് ഫോഴ്‌സ് വിഭാഗം തലവനായ അര്‍മെദ് വിജയ പറഞ്ഞു.

ബുധനാഴ്ചയായിരുന്നു ഇന്തോനേഷ്യന്‍ നാവികസേന ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. ഡിസംബര്‍ 30 വ്യാഴാഴ്ച സംഘം തീരമണഞ്ഞു.

നാവികസേനയുടെ കപ്പലിന്റെ സഹായത്തോടെയാണ് സംഘത്തെ തീരത്തെത്തിച്ചത്. ആചെഹ്‌യിലെ തീരനഗരമായ ലോക്യുമാവേയിലേക്കാണ് സംഘത്തെ എത്തിച്ചത്.

ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്തുള്ള ആചെഹ് പ്രൊവിന്‍സിലായിരുന്നു ഞായറാഴ്ച അഭയാര്‍ത്ഥികളടങ്ങിയ സംഘത്തെ കണ്ടെത്തിയത്.

തകര്‍ന്ന് തുടങ്ങിയ മരത്തിന്റെ ഒരു ബോട്ടിലായിരുന്നു 120 അഭയാര്‍ത്ഥികളടങ്ങിയ സംഘം ദിവസങ്ങളോളം കടലില്‍ കഴിഞ്ഞത്. ബോട്ടിന് ചോര്‍ച്ച ഉണ്ടായിരുന്നതായും എന്‍ജിന് തകരാറുണ്ടായിരുന്നതായുമാണ് റിപ്പോര്‍ട്ട്.

കനത്ത മഴയിലും കടല്‍ ക്ഷോഭത്തിലുമാണ് ബോട്ടിന് കേടുപാടുകള്‍ സംഭവിച്ചത്. ഇന്തോനേഷ്യന്‍ തീരത്ത് വെച്ച് മത്സ്യത്തൊഴിലാളികളാണ് സംഘത്തെ കണ്ടത്.

എന്നാല്‍ ബോട്ട് തീരമടുപ്പിക്കാന്‍ രാജ്യത്തെ അധികൃതര്‍ ആദ്യം വിസമ്മതിക്കുകയായിരുന്നു. സംഘത്തെ തിരിച്ചയക്കാന്‍ ഇന്തോനേഷ്യന്‍ നാവിക സേന ശ്രമിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ഇന്തോനേഷ്യ തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

കരയിലെത്തിച്ച മുഴുവന്‍ അഭയാര്‍ത്ഥികളെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവരെ പത്ത് ദിവസം സമ്പര്‍ക്കവിലക്കില്‍ പ്രവേശിപ്പിക്കുമെന്ന് ഇന്തോനേഷ്യയുടെ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

60 സ്ത്രീകളും 51 കുട്ടികളും ഒമ്പത് പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായത് കാരണം കഴിഞ്ഞ 28 ദിവസമായി കടലില്‍ ചുറ്റിത്തിരിയുകയാണെന്നാണ് ഇവര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rohingya Muslims reach Indonesia port after month at sea in damaged boat

We use cookies to give you the best possible experience. Learn more