ധാക്ക: വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി സിഖ് കൂട്ടായ്മയായ ഖല്‍സ. അഭായാര്‍ത്ഥികള്‍ക്കായി ഭക്ഷണവും വെള്ളവുമാണ് ഇവര്‍ നല്‍കുന്നത്. മ്യാന്‍മാര്‍-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള തെക്‌നാഫിലാണ് സംഘം സേവനം ചെയ്യുന്നത്.
50,000 ത്തോളം പേര്‍ക്ക് സഹായം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയതായി ഖല്‍സ സംഘത്തെ നയിക്കുന്ന അമര്‍പ്രീത് സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മൂന്നു ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ് അതിര്‍ത്തിയിലുള്ളതെന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് അവര്‍ കഴിയുന്നതെന്നും അമര്‍പ്രീത് പറഞ്ഞു.
ക്യാമ്പുകളില്‍ താമസം ലഭിക്കാത്തവര്‍ ഭക്ഷണവും വെള്ളവും കാത്ത് റോഡുകളിലാണ് കഴിയുന്നതെന്നും അമര്‍പ്രീത് പറയുന്നു.
ധാക്കയില്‍ നിന്നും 10 മണിക്കൂര്‍ ദൂരത്താണ് തെക്‌നാഫ് സ്ഥിതി ചെയ്യുന്നത്. 3,70,000 അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.