| Monday, 13th November 2017, 8:00 pm

ഓങ് സാങ് സൂകിക്കെതിരായ പ്രതിഷേധം; ഐറിഷ് സംഗീതജ്ഞന്‍ ഡബ്ലിന്‍ പുരസ്‌കാരം തിരിച്ചുനല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിന്‍:  റോഹിങ്ക്യ വിഷയത്തിലുള്ള ഓങ്‌സാങ് സൂകിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ” ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍ അവാര്‍ഡ്” തിരിച്ചു നല്‍കുകയാണെന്ന് ഐറിഷ് സംഗീതജ്ഞനായ ബോബ് ഗെല്‍ദോഫ്. നേരത്തെ സൂകിക്കും ഇതേ പുരസ്‌കാരം നല്‍കിയിരുന്നു.

ഡബ്ലിനുമായുള്ള  സൂകിയുടെ ബന്ധം അപമാനകരമാണെന്നും സൂകി ഇപ്പോള്‍ തങ്ങളെ ഭയപ്പെടുത്തിയിരിക്കുകയാണെന്നും ഗെല്‍ദോഫ് പറഞ്ഞു. മ്യാന്‍മാറില്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന ഓങ് സാങ് സൂകിയുമായി വ്യക്തിപരമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗെല്‍ദോഫ് പറഞ്ഞു.

ആന്റി പോവര്‍ട്ടി ആക്ടിവിസ്റ്റ് കൂടിയായ ഗെല്‍ദോഫിന് 2005ലാണ് ഡബ്ലിന്‍ പുരസ്‌കാരം ലഭിച്ചത്. മ്യാന്‍മാറില്‍ തടവിലായിരിക്കെ 2005ലാണ് ഓങ്‌സാങ് സൂകിക്ക് പുരസ്‌കാരം നല്‍കിയിരുന്നത്. ഒക്ടോബറില്‍ സൂകിയില്‍ നിന്നും “ഫ്രീഡം ഓഫ് ഓക്‌സ്‌ഫോര്‍ഡ് ടൈറ്റില്‍” തിരിച്ചെടുക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.

പുരസ്‌കാരത്തിന് സൂകി ഇപ്പോള്‍ അര്‍ഹയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

മ്യാന്‍മാര്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് നിരവധി റോഹിങ്ക്യന്‍ മുസ്‌ലിംങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നിരവധിപേര്‍ ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തിരുന്നു.


Read more:  ആല്‍വാര്‍ ആവര്‍ത്തിക്കപ്പെടുന്നു: മുസ്‌ലിം യുവാവിനെ വെടിവെച്ചുകൊന്നത് ‘സാമൂഹ്യവിരുദ്ധ’രെന്ന് പൊലീസ്


We use cookies to give you the best possible experience. Learn more