| Sunday, 3rd September 2017, 12:39 pm

'ചെറിയ കുട്ടികളുടെ തലയറുത്തു; മുതിര്‍ന്നവരെ മുളക്കൂട്ടിലിട്ട് പൂട്ടി അതിന് തീവെച്ചു' റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതിയെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മ്യാന്‍മര്‍: രോഹിംഗ്യന്‍ കുട്ടികളുടെ തലയറുത്തും പൗരന്മാരെ ചുട്ടുകൊന്നും ബര്‍മ്മന്‍ സൈന്യം. ബര്‍മ്മയുടെ സൈനിക, അര്‍ധസൈനിക വിഭാഗങ്ങളാണ് കൂട്ടക്കുരുതി നടത്തുന്നത്.

മ്യാന്‍മര്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി ഭയന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അറുപതിനായിരത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥകളാണ് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്കു കടന്നത്.

ബര്‍മന്‍ പട്ടാളക്കാരും സായുധ സൈന്യവും നടത്തുന്ന കൂട്ടക്കുരുതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട പൗരന്മാര്‍ പങ്കുവെയ്ക്കുന്നതെന്ന് ദ ഇന്റിപ്പെന്റന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ചട്ട് പിയന്‍ ഗ്രാമത്തില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ നിന്നാണ് താന്‍ രക്ഷപ്പെട്ടോടിയതെന്ന് 41 കാരനായ അബ്ദുല്‍ റഹ്മാന്‍ പറയുന്നു. ഒരു കൂട്ടം റോഹിംഗ്യന്‍ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് ഒരു മുളക്കൂട്ടിലിട്ട് അതിന് സൈന്യം തീക്കൊടുക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറയുന്നു.


റോഹിംഗ്യന്‍ മുസ്‌ലീങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഈ ലേഖനങ്ങള്‍ വായിക്കൂ

വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍

ആ തോണി മനുഷ്യര്‍ നടുക്കടലിലേക്ക് ഇറങ്ങിത്തിരിച്ചത്…


“എന്റെ സഹോദരനും കൊല്ലപ്പെട്ടു. ബര്‍മന്‍ പട്ടാളക്കാര്‍ മുളവീട്ടിലിട്ട് അവനെയും കത്തിച്ചു.” അദ്ദേഹം പറയുന്നു.

“എന്റെ മറ്റുബന്ധുക്കളെകണ്ടത് പാടത്താണ്. അവരുടെ ശരീരം നിറയെ ബുള്ളറ്റുകളും മുറിവേറ്റ പാടുകളുമാണ്.” അദ്ദേഹം പറഞ്ഞു.

“എന്റെ രണ്ടു മരുമക്കളുടെ തലയറുത്ത നിലയിലാണ്. ഒരാള്‍ക്ക് ആറും മറ്റേയാള്‍ക്ക് ഒമ്പതും വയസേയുള്ളൂ.” റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

ഇതേഗ്രാമത്തില്‍ നിന്നുള്ള സുല്‍ത്താന്‍ അഹമ്മദ് എന്ന 27കാരന്‍ പറയുന്നത് സൈന്യം ആളുകളെ പിടികൂടി തലയറുത്ത് താഴെയിടുന്നത് നേരില്‍ കണ്ടെന്നാണ്. ” ഞങ്ങള്‍ ഒരു വീട്ടില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു. സൈനികര്‍ പ്രദേശവാസികളെ ഓരോരുത്തരെയായി പിടികൂടി തലയറുത്ത് താഴെയിടുന്നതാണ് കണ്ടത്. ഇതു കണ്ടതോടെ വീടിന്റെ പിന്‍വശത്തുകൂടി ഓടി രക്ഷപ്പെടുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more