ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടക്കാനിരിക്കുന്ന മിനി ലേലത്തിനണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. 2023 ഐ.പിഎല്ലില്‍ തങ്ങളുടെ ആവനാഴിയിലേക്ക് മൂര്‍ച്ചയേറിയ അസ്ത്രങ്ങളെ എത്തിക്കാന്‍ ഒരുങ്ങുമ്പോള്‍ കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിന്റെ അതേ ആവേശത്തിലാണ് ആരാധകര്‍.
കൊച്ചിയില്‍ വെച്ച് നടക്കുന്നതിനാല്‍ തന്നെ മലയാളികള്‍ ഒരു പ്രത്യേക ആവേശത്തോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് ആരെയെല്ലാം എത്തിക്കുമെന്നും ആരാധകര്‍ പരസ്പരം ചോദിക്കുന്നുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിക്കണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് രോഹന്‍ എസ്. കുന്നുമ്മല്‍. കോഴിക്കോട്ടുകാരനായ ഈ യുവതാരത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ഭാവിയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനം താരത്തെ ഇന്ത്യയുടെ എ ടീമിലെത്തിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന രോഹന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒരു മുതല്‍ക്കൂട്ടാവുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഈ സാഹചര്യത്തില്‍ രോഹന്‍ പറഞ്ഞ ചില വാക്കുകളാണ് പല ക്രിക്കറ്റ് ഗ്രൂപ്പിലെയും പ്രധാന ചര്‍ച്ചകളിലൊന്ന്.
ഐ.പി.എല്‍ ലേലത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഒന്നിലധികം ടീമുകളുടെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നുവെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സിന് വേണ്ടി തങ്ങളില്‍ ചിലരെ സഞ്ജു കൊണ്ടു പോയിരുന്നു എന്നുമാണ് രോഹന്‍ പറഞ്ഞത്.
‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നിവരുടെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. രണ്ട് ട്രയലുകള്‍ക്ക് കൂടി എനിക്ക് കോളുകള്‍ ലഭിച്ചിരുന്നെങ്കിലും ഞങ്ങളുടെ സംസ്ഥാന ടീം മത്സരങ്ങള്‍ കാരണം അവയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിനും നോക്കൗട്ടിനും ഇടയിലുള്ള ഇടവേളയിലാണ് ഞാന്‍ മൂന്ന് ട്രയല്‍സിലും പങ്കെടുത്തത്.
സഞ്ജു ഭായ് രാജസ്ഥാനിലെ ട്രയല്‍സിന് ഞങ്ങളില്‍ ചിലരെ കൊണ്ടുപോയിരുന്നു. രാജസ്ഥാന്‍, ദല്‍ഹി എന്നിവര്‍ക്കായുള്ള മാച്ച് സിമുലേഷനുകളില്‍ മികച്ച പ്രകടനം നടത്താന്‍ എനിക്ക് കഴിഞ്ഞു. ലേലത്തിലെ സെലക്ഷന്‍ എന്റെ കയ്യിലല്ല. അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല,’ രോഹന്‍ പറഞ്ഞു.
ഇതിന് പിന്നാലെ സഞ്ജുവിനും രോഹനും ആശംസാ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. തന്റെ സഹതാരങ്ങളും ഉയര്‍ന്നുവരണമെന്ന സഞ്ജുവിന്റെ മനസ് ഏറെ വലുതാണെന്നും രോഹന്‍ ഇത്തവണ രാജസ്ഥാനില്‍ കളിക്കുമെന്നും ആരാധകര്‍ പറയുന്നു.
വിജയ് ഹസാരെയില്‍ ഏഴ് ഇന്നിങ്സുകളില്‍ നിന്നും 414 റണ്‍സ് സ്വന്തമാക്കിയ രോഹനാണ് കേരളത്തിനായി ഏറ്റവുമധികം റണ്‍സ് നേടിയത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നോക്കൗട്ടുകള്‍ നഷ്ടമാകുമെങ്കിലും താരത്തിന്റെ കരിയറില്‍ ഇത് കുതിപ്പുണ്ടാക്കിയേക്കും