മറ്റുള്ളവരെ പോലെ പഠിക്കാന്‍ അച്ഛന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല ഒരിക്കലും. അച്ഛനും ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമാണ്. യൂണിവേഴ്‌സിറ്റി താരമായിരുന്നു അച്ഛന്‍. ഇന്നും ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ പോകാറുണ്ട്. 1983 സിനിമയിലെ രമേശനാണ് ശരിക്കും.
വരാന്തയില്‍ തൂക്കിയിട്ട പച്ച നെറ്റ്, സ്റ്റമ്പുകളും ബാറ്റും പാഡുമെല്ലാമുണ്ട്. ചുരുക്കത്തില്‍ പ്രാക്ടീസിനായുള്ള ഒരു കൊച്ച് നെറ്റ്. വീട്ടിലേക്ക് ചെന്ന് കയറുന്ന ആരും ആദ്യമൊന്ന് അമ്പരക്കും. ഇതെന്താണെന്ന് നെറ്റി ചുളുക്കും. കേരളക്രിക്കറ്റിലെ പുത്തന്‍ താരോദയമായ രോഹന്‍ എസ് കുന്നുമ്മലിന്റെ വീട്ടിലെത്തുന്നവരെ സ്വീകരിക്കുന്ന കാഴ്ച്ചയാണിത്. രോഹനെക്കുറിച്ചും അച്ഛന്‍ സുശീല്‍ എസ് കുന്നുമ്മലിനേയും അധ്യാപികയായ അമ്മ സരോജിനിയെക്കുറിച്ചും അറിയുന്നതോടെ ആ അമ്പരപ്പ് മാറും. ഒരു താരത്തെ വാര്‍ത്തെടുക്കുകയാണ് അവര്‍. ഇന്ന് കേരളവും നാളെ മൊത്തം ഇന്ത്യയും അഭിമാനത്തോടെ ഓര്‍ക്കുന്ന രോഹന്‍ എന്ന ഓപ്പണിംഗ് ബാറ്റ്‌സ്മാനെ.
നേരത്തേ പറഞ്ഞുറപ്പിച്ചതില്‍ നിന്നും ഒരുപാട് വൈകിയാണ് കേരളക്രിക്കറ്റിലെ പുത്തന്‍ താരോദയത്തെ കാണാന്‍ സാധിച്ചത്. വീട്ടിലേക്ക് ചെന്നുകയറുമ്പോള്‍ തന്നെ രോഹനും അച്ഛനും അമ്മയും സഹോദരിയും ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നും തന്നെ വ്യക്തം രോഹന്റെ പ്രകടനത്തിന്റെ രഹസ്യം. കുടുംബമാണ് രോഹന്റെ കരുത്ത്. പിന്നെ ആകര്‍ഷിപ്പിച്ചത് രോഹനെന്ന വ്യക്തിയായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖം. അധികം സംസാരിക്കില്ലെങ്കിലും വാക്കുകളില്‍ ലാളിത്യവും വ്യക്തയും. ക്രിക്കറ്റ് താരങ്ങളില്‍ ഇന്ന് അപൂര്‍വ്വമായി കാണുന്നതും എന്നാല്‍ വളരെ അനിവാര്യവുമായ ശാന്തതയും പക്വതയും രോഹനുണ്ട്.
2007 ല്‍ ട്വന്റി20 ലോകകപ്പ് നേടിയതിന് ശേഷം ധോണി പറയുകയുണ്ടായി, ഇന്ത്യന്‍ ക്രിക്കറ്റില്‍ ചെറുപട്ടണങ്ങില്‍ നിന്നുമുള്ള താരങ്ങളുടെ വിപ്ലവം ആരംഭിക്കുകയാണെന്ന്. ആ വാക്കുകളെ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് രോഹനും റിഷഭ് പന്തുമുള്‍പ്പടെയുള്ള താരങ്ങളുടെ ഉദയം.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് തെരഞ്ഞെടുക്കുകപ്പെട്ടിരിക്കുകയാണ് രോഹന്‍, ഈ നേട്ടത്തെ എങ്ങനെ കാണുന്നു?
വളരെയധികം സന്തോഷമുണ്ട്. കഠിനാധ്വാനത്തിന്റേയും ഈശ്വരാനുഗ്രഹത്തിന്റേയും ഫലമാണ് ഈ വിജയം. എങ്ങനെ പറയണമെന്നറിയില്ല ശരിക്കും. അച്ഛന്റെ പിന്തുണയും വളരെ പ്രധാനപ്പെട്ടതായിരുന്നു.
നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അച്ഛനാണോ?
തീര്‍ച്ചയായും അച്ഛനാണ് എല്ലാം. പിന്നെ കെ.സി.എയുടെ ഭാഗത്തു നിന്നും മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പരിശീലകനായ സന്തോഷ് കുമാറും കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ സനില്‍ ചന്ദ്രനുമെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു.
പൊതുവെ മക്കള്‍ ക്രിക്കറ്റ് കളിച്ച് നടക്കുന്നതിനെ എതിര്‍ക്കുന്നവരാണ് മലയാളികള്‍, പക്ഷെ രോഹന്‍ പറയുന്നു അച്ഛനാണ് എല്ലാമെന്ന്. അതെന്തുകൊണ്ടാണ്?
മറ്റുള്ളവരെ പോലെ പഠിക്കാന്‍ അച്ഛന്‍ എന്നെ നിര്‍ബന്ധിച്ചിട്ടില്ല ഒരിക്കലും. അച്ഛനും ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടമാണ്. യൂണിവേഴ്‌സിറ്റി താരമായിരുന്നു അച്ഛന്‍. ഇന്നും ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാന്‍ പോകാറുണ്ട്. 1983 സിനിമയിലെ രമേശനാണ് ശരിക്കും.
കോഹ്‌ലിയുടെ 18ാം നമ്പര്‍ ജഴ്‌സിയാണല്ലോ ധരിക്കുന്നത്, ആരാണ് ഇഷ്ടതാരം?
അത് ചോദിക്കാനുണ്ടോ? ( ഒരു ചിരിയോടെ) സച്ചിന്‍, എല്ലാവരേയും പോലെ സച്ചിനെ കണ്ടാണ് ഞാനും വളര്‍ന്നത്.
ക്രിക്കറ്റിനെ ഒരു ഭാവിയായി കാണാന്‍ ഇന്നും പലരും മടിക്കും. പഠനം, ജോലി തുടങ്ങിയവയ്ക്ക് മുന്നില്‍ ഇഷ്ടം വഴിമാറാണ് പതിവ്.
നേരത്തെ പറഞ്ഞത് പോലെ അച്ഛനോ അമ്മയോ എന്നോട് കളി നിര്‍ത്താന്‍ പറഞ്ഞിട്ടില്ല, എന്നെയൊരു ക്രിക്കറ്റ് താരമാക്കുക എന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനും അതില്‍ നേട്ടങ്ങള്‍ കൈവരിക്കാനും സാധിച്ചു. ആദ്യമൊക്കെ രസത്തിന് കളിക്കുകയായിരുന്നു. പിന്നെ സീരിയസായി. കോളേജില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്.
പരിശീലനമൊക്കെ എങ്ങനെയാണ്? പ്രത്യേകരീതികളോ മറ്റോ ഉണ്ടോ?
10 വയസ്സ് മുതല്‍ ക്രിസ്ത്യന്‍ കോളേജിലാണ് പരിശീലനം. ക്രിസ്ത്യന്‍ കോളേജിലെ സന്തോഷ് സാറാണ് കോച്ച്. സാര്‍ പറയുന്നതനുസരിച്ചാണ് പരിശീലനവും ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള കാര്യങ്ങളും ചെയ്യുന്നത്. പിന്നെ വീട്ടില്‍ എത്തിയാല്‍ അച്ഛനൊപ്പം വരാന്തയിലുണ്ടാക്കിയ നെറ്റ്‌സില്‍ പരിശീലനം നടത്തും.
ഏതെങ്കിലും ഏരിയയില്‍ ദുര്‍ബ്ബലമാണെന്നോ കൂടുതല്‍ മെച്ചപ്പെടണമെന്നോ തോന്നിയിട്ടുണ്ടോ?
ഇല്ല. അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. ഭാവിയില്‍ കൂടുതല്‍ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ അത് അറിയാന്‍ കഴിയും. എന്നാലും മത്സരശേഷം അതിന്റെ വീഡിയോ കണ്ട് തെറ്റ് പഠിക്കാനും തിരുത്താനും ശ്രമിക്കാറുണ്ട്.
പെരുമാറ്റത്തില്‍ ശാന്തനാണെങ്കിലും കളിക്കളത്തില്‍ രോഹന്‍ വളരെ ആക്രമകാരിയാണല്ലോ? സ്പിന്നര്‍മാരാണോ അതോ പേസര്‍മാരാണോ സ്ഥിരം ഇരകള്‍?
രണ്ട് ബൗളര്‍മാരേയും കളിക്കാന്‍ ഇഷ്ടമാണ്. പണ്ടൊക്കെയായിരുന്നു ഇന്ത്യ താരങ്ങള്‍ക്ക് പേസ് ബൗളിംഗിനെ നേരിടാന്‍ ബുദ്ധിമുട്ട്. ഇന്നിപ്പോ എത് പന്തും നേരിടാന്‍ കഴിയും. ആക്രമിച്ച് കളിക്കാനാണ് എനിക്ക് ഇഷ്ടം. ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആയതിനാല്‍ സ്പിന്നര്‍മാരേയും പേസര്‍മാരേയും നേരിടേണ്ടി വരും. പക്ഷെ രണ്ട് കൂട്ടരേയും അടിക്കാന്‍ സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
ചെറു പ്രായത്തില്‍ തന്നെ ഇത്രയും ഉയരത്തിലെത്താന്‍ സാധിച്ചു. ഇതിനിടെ പ്രശംസകളുമായി നിരവധി പേര്‍ അരികിലെത്തിയിട്ടുണ്ടാകും. അങ്ങനെ ലഭിച്ച പ്രതികരണങ്ങളില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഏതെങ്കിലും?
ഉണ്ട്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്. സെഞ്ച്വറി നേടാന്‍ കഴിഞ്ഞിരുന്നു അന്ന്. മത്സര ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്ന എനിക്കരികിലേക്ക് അമ്പയര്‍മാരിലൊരാള്‍ എത്തുകയും കളി വളരെ നന്നായിരുന്നു എന്നും ഇതുപോലെ തന്നെ എന്നും കളിക്കണമെന്ന് പറഞ്ഞു. ഒരിക്കലും ശൈലി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. ആ അനുഭവം ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല.
എതാണ് ഫേവറീറ്റ് ഷോട്ട്?
എല്ലാ ഷോട്ടും കളിക്കാന്‍ ഇഷ്ടമാണ്. എന്നാലും കവര്‍ ഡ്രൈവാണ് കൂടുതല്‍ ഇഷ്ടം. (ഇത് പറയുമ്പോള്‍ രോഹന്റെ കണ്ണുകളിലെ തിളക്കം അവനിലെ സച്ചിന്‍ ആരാധകനെ കാണിച്ച് തരുന്നുണ്ടായിരുന്നു) അതുപോലെ, ഓപ്പണറായി ഇറങ്ങാനുമാണ് ഇഷ്ടം. ആക്രമിച്ച് കളിക്കുന്നതിനോടാണ് കൂടുതല്‍ താല്‍പര്യം.
ഇംഗ്ലണ്ടുമായാണ് കളി. അവരുടെ പേസ് ബൗളര്‍മാര്‍ വളരെ ശക്തരാണ്. എന്തു തോന്നുന്നു?
അങ്ങനെയൊന്നുമില്ല, നല്ല ഫാസ്റ്റ് ബൗളര്‍മാര്‍ നമുക്കുമുണ്ട്. വിദേശ ബൗളര്‍മാരെ ഫേസ് ചെയ്യുന്നതിന്റെ ഭയമൊന്നുമില്ല. നന്നായി തന്നെ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
രണ്ട് ദിവസത്തിന് ശേഷം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിനായി രോഹന്‍ മുംബൈയിലേക്ക് പുറപ്പെടുകയാണ്. കോഴിക്കോടിന്റെ മണ്ണില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയിലെ താരമായി രോഹന്‍ എസ് കുന്നുമ്മല്‍ എന്ന കൊയിലാണ്ടിക്കാരന്‍ വളരുന്നത് സ്വപ്‌നം കാണുകയാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും. ഇംഗ്ലണ്ടുമായാണ് ആദ്യ മത്സം. ആദ്യ വിദേശ പര്യടനവും ഇംഗ്ലണ്ടിലേക്കാണ്.
രോഹനെന്ന താരത്തെ കാണാനും അഭിമുഖം നടത്താനുമായിരുന്നു വീട്ടിലെത്തിയത്. എന്നാല്‍ തിരികെ മടങ്ങുമ്പോള്‍ മനസ്സു മുഴുവന്‍ ആ അച്ഛനും അമ്മയുമാണ്. തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ നേടാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്ന അച്ഛനും മകനെ അവന്റെ താല്‍പര്യത്തിനനുസരിച്ച് മുന്നോട്ട് പോകാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്ന അമ്മയും. നമുക്ക് കാത്തിരിക്കാം ടിനു തുറന്നിട്ട പാതയിലൂടെ സഞ്ജു സാംസണിന് ശേഷം ഒരു ബാറ്റസ്മാന്‍ ഇന്ത്യന്‍ ടീമിന്റെ നീല ജഴ്‌സിയണിഞ്ഞ് മൈതാനത്ത് നവചരിതം രചിക്കുന്നത് കാണാന്‍.
രോഹന്റെ ബാറ്റിങ് പ്രകടനം