| Sunday, 11th February 2024, 12:30 pm

കേരളത്തിനായി കൊടുംകാറ്റായി രോഹൻ കുന്നുമ്മൽ; സഞ്ജുവിന്റെ പടയാളികൾ കുതിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

രഞ്ജി ട്രോഫിയിൽ കേരളം ബംഗാളിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത കേരളത്തിന് മികച്ച തുടക്കമാണ് രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയും നല്‍കിയത്.

68 പന്തില്‍ 51 റണ്‍സ് നേടിയായിരുന്നു രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ പ്രകടനം. ആറ് ഫോറുകളാണ് രോഹന്റെ ബാറ്റില്‍ നിന്നും പിറന്നത്. 20.1 ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ 88ല്‍ നില്‍ക്കേ രോഹനെ കേരളത്തിന് നഷ്ടമായി. ഷഹബാസ് അഹമ്മദിന്റെ പന്തില്‍ എല്‍.ബി.ഡബ്യുയു ആയികൊണ്ട് പുറത്താവുകയായിരുന്നു രോഹന്‍.

37 പന്തില്‍ 63 റണ്‍സ് നേടി ജലജ് സക്‌സേനയും മികച്ച പ്രകടനം നടത്തി. മൂന്ന് ഫോറുകളാണ് ജലജിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഷഹബാസ് തന്നെയാണ് ജലജിന്റെ വിക്കറ്റും വീഴ്ത്തിയത്.

നിലവില്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ 142 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നഷ്ടത്തിലാണ് കേരളം. ബംഗാളിനെതിരെ 325 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്.

അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബംഗാള്‍ തകരുകയായിരുന്നു. 180 റണ്‍സിനാണ് ബംഗാള്‍ പുറത്തായത്. കേരളത്തിന്റെ ബൗളിങ് നിരയില്‍ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി ജലജ് സക്സേന മികച്ച പ്രകടനമാണ് നടത്തിയത്.

21.1 ഓവറില്‍ 68 റണ്‍സ് വിട്ടുനല്‍കിയാണ് സക്സേന ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയത്. 3.21 ഇക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്. ഇതോടെ 180 റണ്‍സിന്റെ ലീഡ് സ്വന്തമാക്കാനും സഞ്ജുവിനും കൂട്ടര്‍ക്കും സാധിച്ചു.

ബംഗാളിന്റെ ബാറ്റിങ്ങില്‍ അഭിമന്യു ഈശ്വരന്‍ 93 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 11 ഫോറുകളാണ് അഭിമന്യുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം ആദ്യ ഇന്നിങ്‌സില്‍ കേരളം 363 റണ്‍സിന് പുറത്താവുകയായിരുന്നു. കേരളത്തിനായി സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 261 പന്തില്‍ 124 റണ്‍സ് ആണ് സച്ചിന്‍ നേടിയത്. 12 ഫോറുകളും ഒരു സിക്‌സുമാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മറുഭാഗത്ത് 222 പന്തില്‍ 106 റണ്‍സ് നേടിയായിരുന്നു അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളുടെ അകമ്പടിയോടുകൂടിയായിരുന്നു താരം സെഞ്ച്വറി നേടിയത്. ജലജ് സക്‌സേന 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

Content Highlight: Rohan kunnummal score fifty and kerala have build great lead against Bengal in Ranji trophy.

Latest Stories

We use cookies to give you the best possible experience. Learn more