| Saturday, 6th June 2020, 4:36 pm

ഏഴര കോടി ജനങ്ങളിലേക്ക് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയില്‍ താരോദയമായി രോഹന്‍ ഗുപ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കാലത്ത് ജനങ്ങളോട് സംസാരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവുമധികം ആശ്രയിച്ചത് സോഷ്യല്‍ മീഡിയയെ ആയിരുന്നു. ബി.ജെ.പി നേരത്തെ അതില്‍ പ്രാഗത്ഭ്യം തെളിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് വളരെ പുറകിലായിരുന്നു നേരത്തെ. എന്നാല്‍ കോണ്‍ഗ്രസ് ഈ കൊവിഡ് കാലത്ത് ആ പരിമിതിയെ മറികടന്നിരിക്കുകയാണ്. അതിന് പിന്നിലെ ബുദ്ധികേന്ദ്രവും ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ വിജയിച്ചതിന് പിന്നില്‍ അഹമ്മദാബാദില്‍ നിന്നുള്ള 42കാരന്‍ രോഹന്‍ ഗുപ്തയാണ്. കോണ്‍ഗ്രസ് ദേശീയ സോഷ്യല്‍ മീഡിയ അദ്ധ്യക്ഷനാണ് രോഹന്‍ ഗുപ്ത.

കൊവിഡ് കാലത്ത് വിവിധ മേഖലകളിലെ പ്രമുഖരുമായി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് 7.5 കോടി ജനങ്ങളിലേക്കാണ് എത്തിയത്. 250 വീഡിയോ കോണ്‍ഫറന്‍സുകളാണ് രോഹന്‍ കോണ്‍ഗ്രസിന് വേണ്ടി ഇക്കാലയളവില്‍ നടത്തിയത്.

‘കഴിഞ്ഞ മൂന്ന് മാസത്തിനിടെ 250ലധികം വിര്‍ച്വല്‍ യോഗങ്ങളാണ് നടത്തിയത്. ഇത് പാര്‍ട്ടിയെ മുന്നോട്ട് പോവാന്‍ സഹായിച്ചിട്ടുണ്ട്. ‘സ്പീക്ക് അപ് ഇന്ത്യ’ എന്ന കോണ്‍ഗ്രസ് പ്രചരണം 20 കോടി ജനങ്ങളിലേക്കാണ് എത്തിയത്. മുതിര്‍ന്ന സാമ്പത്തിക വിദഗ്ദരുമായും മറ്റ് വിദഗ്ദരുമായും രാഹുല്‍ ഗാന്ധി നടത്തിയ അഭിമുഖങ്ങള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ 7.5 കോടി പേരാണ് കണ്ടത്. ബി.ജെ.പിയുടേതിനെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ക്ക് 30 ശതമാനം എന്‍ഗേജ്‌മെന്റ് കൂടുതലാണ്. അതിന്റെയെല്ലാം പിന്നില്‍ രോഹന്‍ ഗുപ്തയാണ്’, ഒരു കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ അദ്ധ്യക്ഷയായിരുന്ന ദിവ്യ സ്പന്ദന രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഹന്‍ ഗുപ്ത സ്ഥാനം ഏറ്റെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more