ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി- ട്വന്റി കഴിഞ്ഞ ദിവസം മൊഹാലിയില്‍ നടന്നിരുന്നു. മത്സരത്തിനിടെ നടന്ന സംഭവത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹന്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങിനിടയിലാണ് സംഭവം നടന്നത്.
ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ രോഹിത് പന്ത് അടിച്ച ശേഷം ഓടുകയായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നിരുന്ന ഗില്‍ രോഹിതിനെ കണ്ടില്ല. പന്ത് കൈക്കലാക്കിയ ഇബ്രാഹിം സദ്രാന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് പന്തെറിയുകയും റണ്ണൊന്നുമെടുക്കാതെ രോഹിത് ഔട്ടാവുകയും ചെയ്തു.
റണ്ണൗട്ടില്‍ നിരാശനായാണ് രോഹിത് ഗ്രൗണ്ട് വിട്ടത്. ഔട്ടായതില്‍ നിരാശയുണ്ടെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. ഇതില്‍ ഗില്ലിനെ വിമര്‍ശിച്ചുകൊണ്ടാണ് രോഹന്‍ തന്റെ അഭിപ്രായം പറഞ്ഞത്. ‘ ഈസിയായിട്ടുള്ള റണ്ണായിരുന്നു അത്. രോഹിത് സാധാരണയായി ശാന്തസ്വഭാവമുള്ളയാളായത് കൊണ്ട് ആ സമയം ദേഷ്യപ്പെട്ടില്ല. തന്റെ ക്യാപ്റ്റന്‍ പെട്ടെന്ന് ഔട്ടായ ശേഷം സ്‌പെഷ്യല്‍ ഇന്നിങ്‌സ് കളിക്കേണ്ടി വരുമെന്ന് ഗില്ലിനറിയാമായിരുന്നു,’ രോഹന്‍ പറഞ്ഞു.
‘ശുഭ്മാന്‍ ചെയ്ത തെറ്റ് എന്താണെന്ന് വെച്ചാല്‍ അവന്‍ പന്ത് ശ്രദ്ധിച്ചിരിക്കുകയായിരുന്നു. രോഹിത് തന്റെ അടുത്ത് എത്തുന്ന വരെ ഗില്‍ രോഹിത്തിനെ ശ്രദ്ധിച്ചില്ല. ഒരു നോണ്‍ സ്‌ട്രൈക്കര്‍ എന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ വിശ്വസിക്കണമായിരുന്നു’ രോഹന്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. 40 പന്തില്‍ 60 റണ്ണെടുത്ത ശിവം ദുബെയുടെ മികവിലാണ് ഇന്ത്യ ജയിച്ചത്. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കും
Content Highlight: Rohan Gavaskar about Subhman Gill