ചെന്നൈ ഓപ്പണില്‍ ബൊപ്പണ്ണയ്ക്ക് കൂട്ട് രാജീവ് രാം
DSport
ചെന്നൈ ഓപ്പണില്‍ ബൊപ്പണ്ണയ്ക്ക് കൂട്ട് രാജീവ് രാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2012, 11:41 am

ചെന്നൈ: ഡിസംബര്‍ 31 ന് നടക്കുന്ന ചെന്നൈ ഓപ്പണ്‍ ടെന്നീസ് രോഹന്‍ ബൊപ്പണ്ണയുടെ ഡബിള്‍സ് പങ്കാളിയായി അമേരിക്കിയിലുള്ള ഇന്ത്യന്‍ വംശജന്‍ രാജീവ് രവി എത്തും.

ഡിസംബര്‍ 31 മുതല്‍ ജനുവരി 6 വരെയാണ് എയര്‍സെല്‍ ചെന്നൈ ഓപ്പണ്‍ നടക്കുന്നത്. 2008 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രാജീവും ബൊപ്പണ്ണയും പങ്കാളികളായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഈ കൂട്ടുകെട്ട് പ്രീ ക്വാര്‍ട്ടര്‍ വരെ എത്തുകയും ചെയ്തിരുന്നു.[]

നേരത്തേ ഇന്ത്യന്‍ ടെന്നീസിന്റെ ഡബിള്‍സ് രാജാവ് മഹേഷ് ഭൂപതിയും ലോക അഞ്ചാം നമ്പര്‍ താരവുമായ ഡാനിയല്‍ നെസ്റ്റോറും കളിക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. ബൊപ്പണ്ണയും ഭൂപതിയും ഒന്നിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരും പാര്‍ടനര്‍ഷിപ്പ് ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചതോടെയാണ് അന്വേഷണം മറ്റ് പങ്കാളികളിലേക്കെത്തിയത്.

ഭൂപതി-ബൊപ്പണ്ണ സഖ്യം രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയികളായിരുന്നു. ലണ്ടന്‍ മാസ്റ്റേഴ്‌സിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് കളിച്ചത്. 2013 മുതല്‍ പങ്കാളികളാവില്ലെന്ന് ഇവര്‍ നേരത്തേ അറിയിച്ചിരുന്നു.

ഭൂപതിയില്‍ നിന്ന് വേര്‍പിരിഞ്ഞ് രാജീവ് രവിക്കൊപ്പം കളിക്കാനുള്ള താത്പര്യം ബൊപ്പണ്ണ നേരത്തേ പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ തന്നെ മികച്ച ഡബിള്‍ പ്ലേയറില്‍ ഒരാളാണ് ബൊപ്പണ്ണ. 2012 മാര്‍ച്ചില്‍ ലോക എട്ടാം നമ്പര്‍ വരെ ബൊപ്പണ്ണ എത്തിയിരുന്നു.

രോഹന്‍-രാജീവ് പങ്കാളികളില്‍ ഏറെ പ്രതീക്ഷിക്കാനുണ്ടെന്നാണ് ടൂര്‍ണമെന്റ് ഡയറക്ടര്‍ ടോം അനീര്‍ പറയുന്നത്. നേരത്തേ ഇരുവരും ഒന്നിച്ച് കളിച്ചതിനാല്‍ ഇരുവരുടേയും ഗെയിം സ്‌റ്റൈലും പരസ്പരം അറിയുന്നതിനാല്‍ മികച്ച കളി പുറത്തെടുക്കാനാകുമെന്നും ടോം പറയുന്നു.