DSport
43ാം വയസിൽ ചരിത്രനേട്ടം; ലോകം കീഴടക്കി ബൊപ്പണ്ണ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jan 27, 02:08 pm
Saturday, 27th January 2024, 7:38 pm

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം രോഹന്‍ ബൊപ്പണ്ണ. 2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍ ഇറ്റാലിയന്‍ ജോഡികളായ സിമോണ്‍ ബോവെല്ലി- ആന്‍ഡ്രിയ വവസോറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം കിരീടം ചൂടിയത്.

റോഡ് ലേവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ 7-6, 7-0, 7-5 എന്ന സ്‌കോറിനായിരുന്നു ബൊപ്പണ്ണ-എബ്ഡന്‍ സഖ്യത്തിന്റെ വിജയം.

ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ബൊപ്പമണ്ണ സ്വന്തം പേരിലാക്കി മാറ്റി. ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരമെന്ന നേട്ടമാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. തന്റെ 43 വയസില്‍ ആയിരുന്നു ഇന്ത്യന്‍ ടെന്നീസ് ഇതിഹാസത്തിന്റെ ചരിത്രനേട്ടം.

ഈ അവിസ്മരണീയമായ വിജയത്തിന്റെ സന്തോഷം എബ്ഡന്‍ പങ്കുവെക്കുകയും ചെയ്തു.

‘പ്രായം ശരിക്കും ഒരു സംഖ്യ മാത്രമാണ്. ബൊപ്പണ്ണക്ക് വേണ്ടിയാണ് ഈ കിരീടം നേടിയത്. അദ്ദേഹം ഹൃദയം കൊണ്ട് വളരെ ചെറുപ്പമാണ്. അദ്ദേഹം ഒരു മികച്ച പോരാളിയാണ്. കഴിഞ്ഞവര്‍ഷവും ബൊപ്പണ്ണ കിരീടത്തിനായി എന്നോടൊപ്പം മത്സരിച്ചു,’ എബ്ഡന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം നടന്ന യു.എസ് ഓപ്പണ്‍ ഫൈനലില്‍ ബൊപ്പണ്ണ-എബ്ഡന്‍ സഖ്യം ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ചേർന്ന് ഈ വര്‍ഷം ശക്തമായി തിരിച്ചുവരികയായിരുന്നു.

Content Highlight: Rohan Bopanna create a new history.