സാന്റിയാഗോ: ഫലസ്തീനികളെ പിന്തുണച്ചതിന് തന്റെ ലാറ്റിൻ അമേരിക്കൻ പര്യടനം തടസ്സപ്പെടുത്താൻ ചില ഇസ്രഈലി ലോബികൾ ശ്രമിച്ചതായി ഇംഗ്ലീഷ് ഗായകനും പ്രമുഖ ബാൻഡായ പിങ്ക് ഫ്ലോയ്ഡിന്റെ സഹ സ്ഥാപകനുമായ റോജർ വാട്ടേഴ്സ്.
ടി.ആർ.ടി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെ ഇസ്രഈലി ലോബികൾ നടത്തുന്ന പ്രചാരണത്തെക്കുറിച്ച് റോജർ വാട്ടേഴ്സ് വെളിപ്പെടുത്തിയത്.
‘ അവരുടെ സ്ഥാനത്ത് നമ്മളാണെങ്കിലോ എന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. ആ അച്ഛനമ്മമാരും കുട്ടികളും, ആ 23 ലക്ഷം ജനങ്ങളും, അല്ല ഇപ്പോൾ എണ്ണം കുറവാണ്, രാപകലില്ലാതെ ആഴ്ചകളായി ബോംബാക്രമണം നേരിടുകയാണ്.
അതെങ്ങനെ ആയിരിക്കുമെന്ന് പോലും ചിന്തിക്കാൻ കഴിയുന്നില്ല. ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യങ്ങൾ ഇസ്രഈലി ആക്രമണങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു,’ വാട്ടേഴ്സ് പറഞ്ഞു.
ദിസ് ഈസ് നോട്ട് എ ഡ്രിൽ എന്ന പേരിൽ നടത്തിയ അർജന്റൈൻ പര്യടനത്തിനിടയിൽ ബ്യൂണോ ഐറിസിലെയും മോണ്ടെവീഡിയോയിലെയും എല്ലാ ഹോട്ടലുകളെയും ഒരുമിപ്പിക്കാനും നുണകൾ പറഞ്ഞ് അസാധാരണമായ ബഹിഷ്കരണം സംഘടിപ്പിക്കാനും ഇസ്രഈലി ലോബികൾക്ക് സാധിച്ചുവെന്ന് വാട്ടേഴ്സ് പറഞ്ഞു.
അർജന്റീനയിൽ ഹോട്ടലുകൾ എന്നും ലഭ്യമല്ല എന്ന കാരണത്താൽ വാട്ടേഴ്സിന് ബ്രസീലിലെ സാവോ പോളോയിൽ താമസിക്കേണ്ടതായി വന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സംഗീത പര്യടനങ്ങളിലൂടെ ഏറ്റവുമധികം വരുമാനം നേടുന്ന സംഗീതജ്ഞനായ വാട്ടേഴ്സ് ഇസ്രഈലിനെ ബഹിഷ്കരിക്കുന്നതായി പരസ്യപ്രസ്താവന നടത്തിയിരുന്നു.
Content Highlight: Roger Waters on Israeli backlash for supporting Palestinians