| Friday, 23rd September 2022, 12:54 pm

അവസാന മത്സരത്തിന് ഫെഡറര്‍, കൈയാളായി റാഫേല്‍ നദാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെന്നീസിലെ ഇതിഹാസ താരത്തിന്റെ വിടവാങ്ങലിന് ഇന്ന് ലോകം സാക്ഷിയാകും. ടെന്നീസ് കോര്‍ട്ടിലെ 24 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ റോജര്‍ ഫെഡറര്‍ അരങ്ങൊഴിയുന്നു. കരിയറിലെ തന്റെ ദീര്‍ഘകാല എതിരാളിയായ റാഫേല്‍ നദാലുമായി െൈകകോര്‍ത്ത് ഡബിള്‍സ് മത്സരത്തിനാണ് താരം ഇറങ്ങുന്നത്.

ഓസ്ട്രേലിയന്‍ ടെന്നീസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ടെന്നീസ് ടൂര്‍ണമെന്റാണ് ഫെഡറര്‍ തന്റെ വിടവാങ്ങല്‍ മത്സരത്തിനായി തെരഞ്ഞെടുത്തത്. ലോക ടീമും യൂറോപ്യന്‍ ടീമും ഏറ്റുമുട്ടുന്ന ലേവര്‍ കപ്പില്‍ കളിച്ച ശേഷം ഫെഡറര്‍ പടിയിറങ്ങും.

മൂന്നുദിവസമാണ് ലേവര്‍കപ്പ്. ആദ്യദിനമാണ് ഡബിള്‍സ്. നദാലിനൊപ്പം ഡബിള്‍സ് കളിക്കുന്നതില്‍ ഏറെ സന്തുഷ്ടനാണ് ഫെഡറര്‍. ‘പതിറ്റാണ്ടുകളായി ഞങ്ങള്‍ ബദ്ധവൈരികളാണ്. അതിനാല്‍ നദാലിനൊപ്പം ഡബിള്‍സ് കളിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും മനോഹര കാര്യമാണ്, ഫെഡറര്‍ പറഞ്ഞു.

ലോക ടീമിന്റെ ഫ്രാന്‍സെസ് തിയാഫോക്കും ജാക്ക് സ്റ്റോക്കിനുമാണ് ഫെഡറര്‍ക്കെതിരെ അദ്ദേഹത്തിന്റെ അവസാന മത്സരത്തില്‍ റാക്കറ്റ് വീശാന്‍ ഭാഗ്യം ലഭിച്ച താരങ്ങള്‍. ഈ മത്സരത്തിന് ശേഷം ഫെഡററുടെ സ്ഥാനത്ത് ഇറ്റലിക്കാരന്‍ മറ്റിയോ ബെറെറ്റിനി കളിക്കും. ആറംഗ ടീമില്‍ എല്ലാ കളിക്കാരും ഒരു സിംഗിള്‍സ് മത്സരമെങ്കിലും കളിക്കണം.

കഴിഞ്ഞയാഴ്ചയായിരുന്നു ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലേവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് താരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. ‘എനിക്ക് 41 വയസായി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു’ എന്നായിരുന്നു വിരമിക്കലിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞവര്‍ഷം വിംബിള്‍ഡണിലായിരുന്നു അവസാന മത്സരം. പരിക്ക് തുടരുന്നതിനിടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. കാല്‍മുട്ടില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ബുദ്ധിമുട്ടനുഭവിക്കുന്നതിനാല്‍ മൂന്നുതവണ ശസ്ത്രക്രിയ നടത്തേണ്ടിവന്നെങ്കിലും തിരിച്ചുവരാന്‍ ഇനി കഴിയില്ലെന്ന ബോധ്യത്താലാണ് കളി നിര്‍ത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

20 ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടവുമായാണ് ഫെഡറര്‍ കളമൊഴിയുന്നത്. അവയില്‍ എട്ടും വിംബിള്‍ഡണില്‍ നേടിയതായിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആറ് തവണ കിരീടം ചൂടിയപ്പോള്‍ അഞ്ച് തവണ യു.എസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും മുത്തമിട്ടു. 2003 വിംബിള്‍ഡണിലായിരുന്നു ആദ്യ കിരീട നേട്ടം.

പിന്നീട് തുടര്‍ച്ചയായി നാല് വര്‍ഷം കിരീടം ചൂടി. 2017ലാണ് അവസാനം ജേതാവായത്. 2018ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതാണ് അവസാനത്തെ ഗ്രാന്‍സ്ലാം കിരീടം. 2012 ലണ്ടന്‍ ഒളിംപിക്സില്‍ വെള്ളിയും 2008ല്‍ ബീജിംഗ് ഒളിംപിക്സ് ഡബിള്‍സില്‍ സ്വര്‍ണവും എ.ടി.പി. ടൂര്‍ ഫൈനല്‍സില്‍ ആറ് കിരീടവും ഫെഡറര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്നത്തെ ആദ്യ കളി ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിന് ആരംഭിക്കും. യൂറോപ്യന്റെ കാസ്‌പെര്‍ റൂഡും ലോക ടീമിന്റെ സോകും തമ്മിലാണ് ആദ്യ മത്സരം. തുടര്‍ന്ന് സ്റ്റെഫനോസ് സിറ്റ്‌സിപാസ് – ദ്യോ?ഗോ ഷോര്‍ട്‌സമാന്‍ സഖ്യം അരങ്ങേറും. ആന്‍ഡി മറേ – അലക്‌സ് ഡി മിനാവുര്‍ സിം?ഗിള്‍സാണ് മൂന്നാമത്തേത്. തുടര്‍ന്നാണ് ലോകം കാത്തിരിക്കുന്ന ആ മത്സരത്തിനായി ഫെഡറര്‍ ഇറങ്ങുന്നത്.

Content highlight: Roger Federer’s retirement match

We use cookies to give you the best possible experience. Learn more