| Thursday, 15th September 2022, 10:16 pm

ഞാന്‍ ലോകത്തെ ഏറ്റവും ഭാഗ്യവനായ മനുഷ്യന്‍, പക്ഷെ എനിക്ക് 41 വയസായി; റോജര്‍ ഫെഡററിന്റെ വിരമിക്കല്‍ കത്തിന്റെ പൂര്‍ണരൂപം മലയാളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ ടെന്നീസ് കുടുംബത്തോടും അതിനുമപ്പുറമുള്ളവരോടും,

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെന്നീസ് എനിക്ക് സമ്മാനിച്ചതില്‍ ഏറ്റവും മികച്ചത് ഞാന്‍ ഈ യാത്രയില്‍ കണ്ടുമുട്ടിയ വ്യക്തികള്‍ തന്നെയാണ്. എന്റെ സുഹൃത്തുക്കള്‍, ഒപ്പം മത്സരിച്ചവര്‍, എല്ലാത്തിലുമുപരി എന്റെ കായികലോകത്തിന് ജീവന്‍ നല്‍കിയ ഫാന്‍സ്. നിങ്ങളെല്ലാവരോടും ഒരു വിവരം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

പരിക്കുകളും സര്‍ജറികളുമായി നിരവധി വെല്ലുവിളികളിലൂടെയാണ് ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം ഞാന്‍ കടന്നുപോയതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ. എല്ലാ കായികക്ഷമതയോടെയും കൂടെ തിരിച്ചുവരനായി ഞാന്‍ കഠിനപ്രയത്‌നം ചെയ്തു. പക്ഷെ എന്റെ ശരീരത്തിന്റെ ശക്തിയും ബലഹീനതയും എനിക്ക് അറിയാം, ആ ശരീരം എന്നോട് എന്താണ് കഴിഞ്ഞ കുറച്ചു നാളുകളായി പറയാന്‍ ശ്രമിക്കുന്നതെന്നും എനിക്ക് വ്യക്തമായി അറിയാം.

എനിക്ക് 41 വയസായി. 24 വര്‍ഷങ്ങളിലായി 1500 മത്സരങ്ങള്‍ ഞാന്‍ കളിച്ചു. സ്വപ്‌നം കണ്ടതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ ടെന്നീസ് എനിക്ക് ഉദാരമായി സമ്മാനിച്ചു. അതുകൊണ്ട് തന്നെ ഇപ്പോഴെങ്കിലും മത്സരങ്ങളുടെ കരിയറിന് ഒരു ഫുള്‍ സ്റ്റോപ്പിടാന്‍ സമയമായെന്ന് ഞാന്‍ തിരിച്ചറിയേണ്ടതുണ്ട്.

അടുത്തയാഴ്ച ലണ്ടനില്‍ നടക്കാനിരിക്കുന്ന ലാവേര്‍ കപ്പായിരിക്കും എന്റെ അവസാന എ.ടി.പി ഇവന്റ്. ഞാന്‍ തീര്‍ച്ചയായും വരുംനാളുകളിലും ടെന്നിസ് കളിക്കും, പക്ഷെ അത് ഗ്രാന്‍ഡ്‌സ്‌ലാമോ ടൂറോ ആയിരിക്കില്ലെന്ന് മാത്രം.

ഇത് മധുരവും കയ്പും ഒന്നിച്ചു നിറയുന്ന തീരുമാനമാണ്. കാരണം ടെന്നിസ് ടൂര്‍ണമെന്റുകള്‍ എനിക്ക് ഇത്രയും നാളും നല്‍കിയ ഓരോ അനുഭവത്തെയും ഞാനിനി വല്ലാതെ മിസ് ചെയ്യും. പക്ഷെ അതേസമയം എനിക്ക് ആഘോഷിക്കാനും ഏറെയുണ്ട്.

ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ മനുഷ്യരിലൊരാളാണ് ഞാന്‍. ടെന്നിസ് കളിക്കാനുള്ള അപൂര്‍വമായ കഴിവ് എനിക്ക് നല്‍കപ്പെട്ടു. എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഉയരത്തില്‍, ഒരിക്കലും സാധ്യമാകുമെന്ന് കരുതാതിരുന്നിടത്തോളം കാലം ഞാന്‍ ആ ടെന്നിസ് കളിച്ചു.

എന്റെ ഭാര്യ മിര്‍കക്ക് ഞാന്‍ ഈ അവസരത്തില്‍ നന്ദി പറഞ്ഞേ മതിയാകൂ. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അവള്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഫൈനലുകള്‍ക്ക് മുന്‍പ് അവള്‍ എന്നെ ശാന്തനാക്കി. എണ്ണിയാല്‍ തീരാത്തത്ര മാച്ചുകള്‍ക്ക് കാഴ്ചക്കാരിയായി ഒപ്പം വന്നു. എട്ട് മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് പോലും എന്റെ മാച്ചുകള്‍ കണ്ടു. ഞാനും മറ്റ് ടീമംഗങ്ങളും കൂടി യാത്രയില്‍ കാണിച്ചുകൂട്ടുന്ന എല്ലാ കുട്ടിക്കളികളും സഹിച്ചു. മിര്‍ക്കക്ക് നന്ദി.

പുതിയ കാഴ്ചകളും സുന്ദരമായ ഓര്‍മകളും സമ്മാനിച്ച് എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്ന എന്റെ മക്കള്‍ക്കും ഒരുപാട് നന്ദി. ഗാലറിയിലിരുന്ന് എനിക്ക് വേണ്ടി എന്റെ കുടുംബം കയ്യടിക്കുന്ന ആ ദൃശ്യം ഞാന്‍ എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കും.

എന്റെ മാതാപിതാക്കളും ഏറ്റവും പ്രിയപ്പെട്ട സഹോദരിയുമില്ലായിരുന്നെങ്കില്‍ ഇക്കാണുന്നതൊന്നും സാധ്യമാകില്ലായിരുന്നു. എന്നെ നയിച്ച എല്ലാ കോച്ചുകള്‍ക്കും നന്ദി. എന്നെ പോലൊരു ചെറുപ്പക്കാരനായ കളിക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് എനിക്ക് ഏറ്റവും മികച്ച തുടക്കം നല്‍കിയ സ്വിസ് ടെന്നിസിനോടും നന്ദി പറയുന്നു.

എന്റെ ടീമിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇവാന്‍, ഡാനി, റോളണ്ട്, പിന്നെ ഏറ്റവും പ്രിയപ്പെട്ട സീവും പിയറും ഇവരെല്ലാം ഏറ്റവും മികച്ച നിര്‍ദേശങ്ങള്‍ നല്‍കികൊണ്ട് ഇക്കാലമത്രയും എനിക്കൊപ്പം നിന്നു. പിന്നെ 17 വര്‍ഷത്തിലേറെയായി എന്റെ ബിസിനസെല്ലാം സുന്ദരമായി നടത്തികൊണ്ടുപോകുന്ന ടോണിക്കും നന്ദി. നിങ്ങള്‍ എല്ലാവരും അതിഗംഭീരരായ മനുഷ്യരാണ്. നിങ്ങള്‍ക്കൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ അത്രയേറെ ഇഷ്ടപ്പെടുന്നുണ്ട്.

പാര്‍ട്‌ണേഴ്‌സിനെ പോലെ ഒപ്പം നില്‍ക്കുന്ന സ്‌പോണ്‍സേഴ്‌സിനും നന്ദി. ഞങ്ങളെ എപ്പോഴും സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യുന്ന എ.ടി.പി ടൂറിലെ എല്ലാവരോടും നന്ദി.

കോര്‍ട്ടില്‍ ഞാന്‍ എതിരിട്ട എല്ലാവരോടും ഞാന്‍ നന്ദി പറയാനാഗ്രഹിക്കുകയാണ്. ഒരിക്കലും മറക്കാനാകാത്ത ഇതിഹാസതുല്യമായ മാച്ചുകള്‍ കളിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി. മാന്യതയോടെയായിരുന്നു നമ്മള്‍ പോരാടിയത്. എന്നാല്‍ ഒരിക്കല്‍ പോലും ടെന്നിസിനോടുള്ള അഭിനിവേശവും തീവ്രതയും കൈവിട്ടു കളഞ്ഞുമില്ല. ടെന്നിസിന്റെ ചരിത്രത്തെ മാനിച്ചുകൊണ്ട് കളിക്കാന്‍ ഞാന്‍ എക്കാലവും ശ്രദ്ധിച്ചിട്ടുണ്ട്.

സ്വയം മെച്ചപ്പെടാന്‍ പരസ്പരം സമ്മര്‍ദം ചെലുത്തി നമ്മള്‍ മുന്നോട്ടുപോയതിലൂടെ ടെന്നിസിനെ തന്നെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് കൊണ്ടുപോകാന്‍ നമുക്കായി. ആ അവസരങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

എല്ലാറ്റിലുമുപരി എന്റെ ഫാന്‍സിന് ഞാന്‍ പ്രത്യേകം നന്ദി പറയാനാഗ്രഹിക്കുകയാണ്. എനിക്ക് നിങ്ങള്‍ നല്‍കിയ കരുത്തും ആത്മവിശ്വാസവും എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. കാണികള്‍ നിറഞ്ഞ സ്റ്റേഡിയങ്ങളിലേക്ക് നടന്നടുക്കുമ്പോഴുണ്ടാകുന്ന ആ ഫീലിങ്ങ് എനിക്ക് മറക്കാനാകില്ല.

നിങ്ങളില്ലായിരുന്നെങ്കിലും ഏത് വിജയപീഠത്തിലും ഞാന്‍ ഒറ്റപ്പെട്ടുപോയേനെ. പക്ഷെ നിങ്ങളുണ്ടായിരുന്നു എനിക്കൊപ്പം, എന്നും. എന്റെ ഓരോ വിജയങ്ങളിലും ആനന്ദവും ഊര്‍ജവും നിറച്ചത് നിങ്ങളാണ് എന്റെ പ്രിയപ്പെട്ട ആരാധകരേ…

ഇക്കഴിഞ്ഞ 24 വര്‍ഷങ്ങള്‍ സത്യത്തില്‍ സാഹസങ്ങള്‍ നിറഞ്ഞതായിരുന്നു. വെറും 24 മണിക്കൂര്‍ പോലെ ഇടക്കെല്ലാം ആ നീണ്ട വര്‍ഷങ്ങള്‍ തോന്നുമെങ്കിലും, ഒരു ജീവിതകാലം മുഴുവന്‍ ഞാന്‍ ജീവിച്ചുതീര്‍ത്തല്ലോയെന്നും എനിക്ക് ഇടക്ക് തോന്നാറുണ്ട്. അത്രമേല്‍ മാജിക്കലായിരുന്നു ആ വര്‍ഷങ്ങള്‍.

നാല്‍പതിലേറെ രാജ്യങ്ങളിലായി നിങ്ങള്‍ക്ക് മുന്‍പില്‍ കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതിനിടയില്‍ ഞാന്‍ ചിരിക്കുകയും കരയുകയും ചെയ്തിട്ടുണ്ട്. സന്തോഷവും സങ്കടവും അനുഭവിച്ചിട്ടുണ്ട്. പക്ഷെ ആ ഓരോ നിമിഷവും ഞാന്‍ ജീവിക്കുകയായിരുന്നു.

ഈ യാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഞാന്‍ കണ്ടുമുട്ടിയ നിരവധി പേരുണ്ട്. പലരും മരണം വരെ എന്റെ സുഹൃത്തുക്കളായിരിക്കും. നിങ്ങളുടെ തിരക്കേറിയ ഷെഡ്യൂളില്‍ നിന്നും എന്റെ കളികള്‍ കാണാനും പ്രോത്സാഹിപ്പിക്കാനുമായി നിങ്ങള്‍ സമയം കണ്ടെത്തി. നന്ദി.

ടെന്നിസിനോടുള്ള എന്റെ പ്രണയം തുടങ്ങുന്ന സമയത്ത് എന്റെ ജന്മനാടായ ബേസിലില്‍ ബോള്‍ബോയി ആയി നില്‍ക്കുകയായിരുന്നു ഞാന്‍. അന്ന് മാച്ച് കളിക്കാനെത്തിയവരെ അത്ഭുതത്തോടെയായിരുന്നു ഞാന്‍ നോക്കിയിരുന്നത്. അവരാണ് എന്നെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. ആ സ്വപ്‌നമാണ് എന്നെ കഠിനപ്രയത്‌നം ചെയ്യാന്‍ പഠിപ്പിച്ചത്. ആ കഠിനപ്രയത്‌നമാണ് സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ എന്നെ പ്രാപ്തനാക്കിയത്. അക്കാലത്ത് നേടിയ ചില ജയങ്ങള്‍ എന്നില്‍ ആത്മവിശ്വാസം വളര്‍ത്തി, അവിടെ നിന്നും ആരംഭിച്ച ആ യാത്രയാണ് ഇന്നീ കാണുന്ന ദിവസത്തിലെത്തി നില്‍ക്കുന്നത്.

ബോള്‍ ബോയ് ആയിരുന്ന ഒരു കൊച്ചു സ്വിസ് ബാലന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സഹായിച്ച ഓരോരുത്തരോടും ഞാന്‍ നന്ദി പറയുകയാണ്.

ഏറ്റവുമൊടുവിലായി, ടെന്നിസ് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നിന്നെ പിരിഞ്ഞൊരു ജീവിതമെനിക്കില്ല

എന്ന്,
റോജര്‍ ഫെഡറര്‍

Content Highlight: Roger  Federer’s retirement letter in Malayalam

പരിഭാഷ : അന്ന കീര്‍ത്തി ജോര്‍ജ്

We use cookies to give you the best possible experience. Learn more