മെല്‍ബണ്‍ : കരിയറില്‍ ആദ്യമായി ആസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകാതെ ടെന്നിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍. കാല്‍മുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്നാണ് ഫെഡററിന് ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.
കാല്‍മുട്ടില്‍ രണ്ട് തവണ ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ഫെഡറര്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ മാസങ്ങളിലായി പരിശീലനം പുനരാരംഭിച്ചിരുന്നു. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ മത്സരിക്കുമെന്നും അറിയിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് പലതവണ മാറ്റിവെച്ച ടൂര്‍ണമെന്റ് ഫെബ്രുവരിയിലാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഫെഡറര്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷെ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും അതിനാല്‍ ആസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകില്ലെന്നും ഫെഡററുടെ ഓഫീസ് അറിയിക്കുകയായിരുന്നു.
മുപ്പത്തൊമ്പതുകാരനായ ഫെഡറര്‍ 2000ത്തിലാണ് ആദ്യമായി ആസ്‌ട്രേലിയന്‍ ഓപ്പണിലിറങ്ങുന്നത്. പിന്നീട് ഇതുവരെയുള്ള എല്ലാ ടൂര്‍ണമെന്റുകളും കളിച്ച അദ്ദേഹം ആറു തവണ കിരീടം ചൂടുകയും ചെയ്തു. ഇരുപത് ഗ്രാന്‍സ് ലാം കിരീടങ്ങള്‍ നേടിയ ഫെഡററുടെ കരിയറിലെ ഏറ്റവും മികച്ച പല കളികളും മെല്‍ബണ്‍ കോര്‍ട്ടിലായിരുന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഫെഡറര്‍ നിരാശനാണെന്നും എന്നാല്‍ 2022ല്‍ അദ്ദേഹത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നതിനായി കാത്തിരിക്കുയാണെന്ന് ടൂര്‍ണമെന്റ് ചീഫ് ക്രെയ്ഗ് ടൈലി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക