'കൂള്‍' ഫെഡറര്‍ 'ഹോട്ട്' ആയി; ദ്യോക്കോവിച്ചിനു പുറമേ റോജര്‍ ഫെഡററും ഷാങ്ഹായ് ടൂര്‍ണമെന്റില്‍ നിന്നു പുറത്ത്; വിവാദമായി കോര്‍ട്ടിലെ പെരുമാറ്റം- വീഡിയോ
ഷാങ്ഹായ്: കളിക്കളത്തില്‍ പൊതുവേ സൗമ്യനാണ് സ്വിസ് താരം റോജര്‍ ഫെഡറര്‍. എന്നാല്‍ ഇന്നുനടന്ന ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാര്യങ്ങള്‍ കൈവിട്ടുപോയതോടെ മറ്റൊരു ഫെഡററെയാണ് കാണാന്‍ സാധിച്ചത്.
ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവുമായുള്ള മത്സരത്തിനിടെ കോപാകുലനായി കോര്‍ട്ടില്‍ വെച്ച് രണ്ടുതവണ പന്ത് അടിച്ച ഫെഡറര്‍ക്ക് ഒരു പോയിന്റ് പെനാല്‍റ്റിയായി നല്‍കേണ്ടി വന്നു.
അവിടെയും തീര്‍ന്നില്ല. മത്സരത്തിലുടനീളം വികാരാധീനനായി കാണപ്പെട്ട താരത്തിന് മത്സരം ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അടിയറ വെയ്‌ക്കേണ്ടി വന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുന്ന രണ്ടാമത്തെ സൂപ്പര്‍ താരമാണ് ഫെഡറര്‍. നേരത്തേ നൊവാക് ദ്യോക്കോവിച്ചും പുറത്തായിരുന്നു.
6-3, 6-7, 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ പരാജയം. മൂന്നാം സെറ്റില്‍ ഏകപക്ഷീയമായ മൂന്ന് ഗെയിമുകള്‍ക്ക് സ്വരേവ് മുന്നില്‍ നിന്നപ്പോഴായിരുന്നു ഫെഡറര്‍ രണ്ടുതവണ പന്ത് അടിച്ചത്.
ഇതില്‍ തനിക്കെതിരായി തീരുമാനമെടുത്ത ചെയര്‍ അമ്പയറുമായി അദ്ദേഹം വാക്കേറ്റത്തിലെത്തിയതും വിവാദമായി.
സെമിഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീം, ഇറ്റലിയുടെ മത്തേ ബെറെറ്റിനി എന്നിവരിലൊളായിരിക്കും സ്വരേവിന്റെ എതിരാളി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ചിനെ പുറത്താക്കിയത് യുവതാരം സ്റ്റെഫാനോസ് സിസിപാസാണ്. സിസിപാസ് ഫെഡററെയും റാഫേല്‍ നദാലിനെയും ഈ വര്‍ഷം തന്നെ പരാജയപ്പെടുത്തിയിട്ടുണ്ട്.
നദാല്‍ കൈക്കുഴക്കു പരിക്കേറ്റതിനാല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.