വിരമിക്കാനുദ്യേശിക്കുന്നില്ലെന്ന് ഫെഡറര്‍
Daily News
വിരമിക്കാനുദ്യേശിക്കുന്നില്ലെന്ന് ഫെഡറര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2016, 2:08 pm

federerfnlഇംഗ്ലണ്ട്: വിംബിള്‍ഡണ്‍ സെമിഫൈനലിലേറ്റ തോല്‍വിക്ക് പിന്നാലെ സജീവ ടെന്നീസില്‍ നിന്ന് വിരമിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളി സ്വിസ്സ് താരം റോജര്‍ ഫെഡറര്‍. തല്‍ക്കാലും വിരമിക്കാന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും അടുത്ത തവണയും സെന്റര്‍ കോര്‍ട്ടില്‍ കളിക്കാന്‍ എത്താനാവുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

“ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിയില്‍ നിന്ന് വിരമിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഇതെന്റെ അവസാന വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പാണെന്ന് ഞാന്‍ കരുതുന്നില്ല. അടുത്ത തവണയും കളിക്കാനായി ഇവിടെ എത്താന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.” പതിനേഴ് തവണ ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയ സ്വിസ്സ് ഇതിഹാസം വ്യക്തമാക്കി.

വിംബിള്‍ഡണില്‍ വെള്ളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ കനേഡിയന്‍ താരമായ മിലോസ് റാവോണിക്കിനോട് തോറ്റാണ് ഫെഡറര്‍ പുറത്തായത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സ്വിസ്സ് താരത്തിന്റെ തോല്‍വി. 11 തവണ വിംബിള്‍ഡണ്‍ സെമി കളിച്ച ഫെഡറര്‍ ഇതാദ്യമായാണ് ഫൈനലിലെത്താതെ തോറ്റ് പുറത്താവുന്നത്. ഇവിടെ ഏഴ് തവണ കിരീടം നേടിയിട്ടുള്ള 34 കാരന്‍ കളിക്കു ശേഷം സെന്റര്‍ കോര്‍ട്ടിലെ കാണികളെ അഭിവാദ്യം ചെയ്തതിന് പിന്നാലെയാണ് വിരമിക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കരിയറിലെ ഏറ്റവും വിഷമഘട്ടങ്ങളിലൊന്നിലൂടെയാണ് ഫെഡറര്‍ കടന്നു പോവുന്നത്. സീസണില്‍ ഇത് വരെ ഒരു കിരീടവും ഫെഡറര്‍ക്ക് നേടാന്‍ സാധിച്ചിട്ടില്ല. 2000ത്തിലെ കിരീട വരള്‍ച്ചക്ക് ശേഷം സമാനമായ ഒരഅവസ്ഥയിലൂടെ കടന്ന് പോവുന്നത് ഇതാദ്യമാണ്. കൂടാതെ പരിക്കും സീണണിലുടനീളം ഫെഡററെ വലച്ചിരുന്നു. പരിക്ക് കാരണം ഫ്രഞ്ച് ഓപ്പണില്‍ കളിച്ചിരുന്നില്ല. പിന്നീട് ഒരു ശസ്ത്ര ക്രിയക്കു ശേഷമായിരുന്നു കളത്തിലേക്ക് തിരിച്ചെത്തിയത്.

തിരിച്ചു വരവില്‍ സ്റ്റുഗര്‍ട്ടിലെയും ഹാലെയിലും ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഫെഡറര്‍ വിംബിള്‍ഡണ്‍ കളിക്കാനെത്തിയത്. മൂന്നിടത്തും സെമിയില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. കരിയറിള്‍ ഇത് വരെ 17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഫെഡറര്‍. 18 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനുള്ള കാത്തിരിപ്പ് തുടരുകയാണ്. അടുത്ത മാസം ഫെഡറര്‍ക്ക് 35 വയസ്സ് തികയും. പക്ഷെ പ്രായം തളര്‍ത്താത്ത പേരാട്ട വീര്യവുമായി കളത്തില്‍ തുടരാന്‍ തന്നെയാണ് ഫെഡക്‌സിന്റെ തീരുമാനം. പരിക്ക് വലയ്ക്കുന്നില്ലെങ്കില്‍ റിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ രാജ്യത്തിനായി മത്സരിക്കാനിറങ്ങുന്ന ഫെഡററെ കാണാം.