ലണ്ടന്‍: ഒന്നല്ല,രണ്ടല്ല, മൂന്ന് തവണ എതിരാളിയുടെ മാച്ച് പോയന്റിന്റെ അരികില്‍ നിന്ന് മത്സരം വരുതിയിലാക്കിയ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആദ്യ രണ്ട് സെറ്റുകള്‍ കൈവിട്ടതിന് ശേഷം അതിശയകരമായി തിരച്ച് വരവ് നടത്തിയാണ് ഫെഡറര്‍ കരിയറിലെ പതിനൊന്നാം വിംബിള്‍ഡണ്‍ സെമി കളിക്കാന്‍ യോഗ്യത നേടിയത്. അഞ്ച് സെറ്റുകള്‍ക്കൊടുവില്‍ 6-7(4), 4-6, 6-3, 7-6(9), 6-3 എന്ന സ്‌കോറിന് മരിയന്‍ സിലിക്കിനെ മറികടന്നാണ് ഫെഡറര്‍ സെമിയിലേക്ക് മുന്നേറിയത്.
ഏഴ്് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള ഫെഡറര്‍ മത്സരത്തിന്റെ തുടക്കത്തില്‍ എതിരാളിക്കൊത്ത പോരാളിയേ ആയി തോന്നിയില്ല. സിലിക്കിന്റെ ശക്തമായ സെര്‍വ്വുകള്‍ക്കും ഗ്രൗണ്ട് സറ്റ്രോക്കുകള്‍ക്കും മുന്നില്‍ ഫെഡക്‌സിന് ഒരിക്കല്‍ കൂടി അടിതെറ്റുമെന്ന് തന്നെയാണ് കരുതിയത്. പക്ഷെ ആദ്യ രണ്ട് സെറ്റുകള്‍ അടിയറവ് വച്ചതിന് ശേഷം മൂന്നാം സെറ്റ് 6-3ന് സ്വന്തമാക്കി ഫെഡറര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. നിര്‍ണ്ണായകമായ നാലാം സെറ്റില്‍ മൂന്ന് തവണ സെിലിക് മാച്ച് പോയന്റിലെത്തിയതാണ്.
പക്ഷെ ഭാഗ്യം ഫെഡറര്‍ക്കൊപ്പമായിരുന്നു. ട്രൈബ്രേക്കറിനൊടുവില്‍ നാലാം സെറ്റ് സ്വന്തമാക്കിയ സ്വിസ്സ് താരം അവസാന സെറ്റും സ്വന്തമാക്കി സെമിയിലേക്ക് മാര്‍ച്ചു ചെയ്യുകയായിരുന്നു. സെമിയിലെത്തിയതോടെ 1974ന് ശേഷം വിംബിള്‍ഡണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന് ഖ്യാതിയും 34 കാരനായ ഫെഡററെ തേടിയെത്തി.
പതിനെട്ട് ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോര്‍ഡിലേക്കാണ് ഫെഡററുടെ കുതിപ്പ്. രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ ആ ചരിത്രനേട്ടത്തിനായുളള ഫെഡററുടെ നാല് വര്‍ഷമായുള്ള കാത്തിരിപ്പ് അവസാനിക്കും. വെള്ളിയാഴ്ച നടക്കുന്ന സെമിപോരാട്ടത്തില്‍ മിലോസ് റോണിക്കാണ് ഫെഡററുടെ എതിരാളി.