അധ്യക്ഷ പദവിയിൽ രണ്ടാം അവസരം ലഭിക്കാതെ സൗരവ് ഗാംഗുലി ബി.സി.സി.ഐയിൽ നിന്ന് പടിയിറങ്ങുമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
താരം രണ്ടാമതൊരു അവസരം ആവശ്യപ്പെട്ടിരുന്നെന്നും അന്തിമ തീരുമാനം ഒക്ടോബർ 18ന് അറിയിക്കുമെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ മുംബൈയിൽ ഇന്ന് നടന്ന ബി.സി.സി.ഐയുടെ ജനറൽ ബോഡി യോഗത്തിൽ ഗാംഗുലിക്ക് അധികാരം നഷ്ടപ്പെട്ടു. റോജർ ബിന്നിയണ് അധ്യക്ഷനായി ചുമതലയേറ്റത്.
ബി.സി.സി.ഐയുടെ 36-ാമത് പ്രസിഡന്റായാണ് ബിന്നി അധികാരമേറ്റത്. ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരും.
ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന് സെക്രട്ടറി ജയ് ഷായും സംഘവും നേരത്തെ പറഞ്ഞിരുന്നു.
ബി.സി.സി.ഐ പ്രസിഡൻറ് പദവിയിൽ സൗരവ് ഗാംഗുലി പരാജയമാണെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ പ്രസിഡൻറ് സ്ഥാനത്ത് ഒരിക്കൽ കൂടി മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് മുന്നിൽ ഐ.പി.എൽ ചെയർമാൻ പദവി വച്ചുനീട്ടിയെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറി.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്നാണ് ഗാംഗുലി അറിയിച്ചത്. ഇന്ത്യക്കായി 27 ടെസ്റ്റുകൾ കളിച്ചിട്ടുള്ള റോജർ ബിന്നി 47 വിക്കറ്റുകളെടുത്തിട്ടുണ്ട്. 1983 ലെ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഹീറോ ആയിരുന്നു അദ്ദേഹം.
രഞ്ജി ട്രോഫിയിൽ ബംഗാൾ, കർണാടക ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി മകനാണ്.
Content Highlights: Roger Binny replaced as the president of BCCI