തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിന് സമീപമുള്ള മെയ്ന്‍ റോഡ് ബ്ലോക്ക് ചെയ്താണ് സ്റ്റീഫന്റെ എന്‍ട്രി ചിത്രീകരിച്ചത്; ലൂസിഫറിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ പങ്കുവെച്ച് എല്‍ദോ സെല്‍വരാജ്
Film News
തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിന് സമീപമുള്ള മെയ്ന്‍ റോഡ് ബ്ലോക്ക് ചെയ്താണ് സ്റ്റീഫന്റെ എന്‍ട്രി ചിത്രീകരിച്ചത്; ലൂസിഫറിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ പങ്കുവെച്ച് എല്‍ദോ സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th October 2022, 9:00 am

മലയാളത്തിലെ എക്കാലത്തേയും മികച്ച മാസ് സിനിമകളില്‍ ഒന്നാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍. 2019ല്‍ പുറത്ത് വന്ന ചിത്രം വന്‍വിജയമായിരുന്നു. ചിത്രത്തിലെ ഒരു ഐക്കോണിക് രംഗമാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ എന്‍ട്രി. തിരുവനന്തപുരത്തെ തിരക്കേറിയ റോഡില്‍ ഇത് ചിത്രീകരിച്ചതിനെ പറ്റി പറയുകയാണ് പ്രോഡക്ഷന്‍ എക്‌സിക്യൂട്ടീവ് എല്‍ദോ സെല്‍വരാജ്. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയിലാണ് എല്‍ദോ ലൂസിഫറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘ലൂസിഫറിന്റെ ഒരു പ്രധാനഭാഗമാണ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ എന്‍ട്രി. പി.കെ. രാംദാസിന്റെ ബോഡി കാണാന്‍ സ്റ്റീഫന്‍ വരുമ്പോള്‍ പൊലീസ് തടയുകയാണ്. പൊലീസ് തടഞ്ഞിട്ട് പറയുന്നത് ഇനി ഇങ്ങോട്ട് വണ്ടി പോകില്ല, കടത്തിവിടില്ല എന്നാണ്. തുടര്‍ന്ന് കാറില്‍ നിന്നും സ്റ്റീഫന്‍ ഇറങ്ങിനടക്കുന്നതാണ്.

ആ രംഗം ചിത്രീകരിച്ചത് തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലിന് സമീപമുള്ള റോഡിലാണ്. എം.എല്‍.എ ഹോസ്റ്റലിന്റെ അവിടുന്ന് സ്‌റ്റേഡിയത്തിലേക്ക് പോകുന്ന റോഡ്. തിരുവനന്തപുരത്തിന്റെ മെയ്ന്‍ റോഡാണ്. പെര്‍മിഷന്‍ എടുത്ത് ആ മെയ്ന്‍ റോഡ് ബ്ലോക്ക് ചെയ്താണ് ഷൂട്ട് ചെയ്തത്. വളരെ ബുദ്ധിമുട്ടിയാണ് ഈ രംഗം ചിത്രീകരിച്ചത്. ഷൂട്ട് കാണാന്‍ വന്നവരൊക്കെ നന്നായി സഹകരിച്ചു.

ഇതിനിടക്ക് ആംബുലന്‍സുകളൊക്കെ പോകുന്നുണ്ടായിരുന്നു, റോഡും ബ്ലോക്കാവും. പൊതുജനത്തിന് ബുദ്ധിമുട്ടാണ്ടാവാത്ത രീതിയില്‍ വേണം ഷൂട്ട് ചെയ്യാന്‍. ഷൂട്ടിന് വേണ്ടിയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങള്‍ ഒന്നും മറക്കാന്‍ പറ്റില്ല. നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും എല്ലാവരും സഹകരിച്ചിട്ടാണ് തിരുവനന്തപുരത്തെ റോഡിലെ ഷൂട്ട് പൂര്‍ത്തിയാക്കിയത്.

റോഡില്‍ നിന്നും സ്റ്റീഫന്‍ നെടുമ്പള്ളി നടന്നുവരുന്നത് ബോഡി പൊതുദര്‍ശനത്തിന് വെച്ചേക്കുന്ന ഹാളിലേക്കാണ്. ഈ ഹാളിലേക്ക് വരുന്നത് ചിത്രീകരിച്ചത് എറണാകുളത്തെ ഡി.ഡി. വില്ലയിലാണ്,’ എല്‍ദോ പറഞ്ഞു.

അതേസമയം അടുത്തിടെ ലൂസിഫറിന്റെ തെലുങ്ക് റീമേക്കും പുറത്തിറങ്ങിയിരുന്നു. ചിരഞ്ജീവി നായകനായ ചിത്രം സംവിധാനം ചെയ്തത് മോഹന്‍രാജ ആയിരുന്നു. ബോളിവുഡ് താരം സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Content Highlight: Production executive Eldo Selvaraj talks about shooting mohanlal’s entry in lucifer on a busy road in Thiruvananthapuram