| Monday, 16th January 2023, 10:04 pm

'മറ്റ് സീനുകളെടുക്കുന്നത് സാധാരണ പോലെ തന്നെ, എന്നാല്‍ മമ്മൂട്ടി സെന്റിമെന്റ്‌സ് അഭിനയിക്കാന്‍ വന്നാല്‍ സെറ്റ് മുഴുവനും മാറും'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്റ്റാര്‍ എന്നതിലുപരി തന്നിലെ നടനെ എപ്പോഴും എക്‌സ്‌പ്ലോര്‍ ചെയ്യാനാഗ്രഹിക്കുന്നതാണ് പലപ്പോഴും മമ്മൂട്ടിയെ മറ്റ് സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. സിനിമയിലെത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തന്നിലെ നടനെ തേച്ചുമിനുക്കിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പുതുതായി പുറത്ത് വരുന്ന ഓരോ ചിത്രത്തിലൂടെയും ഇനിയും തന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കാത്തത് വരും എന്ന് പ്രേക്ഷകരോട് പറയുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ ഭാവപ്രകടനങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഇഷ്ടം അദ്ദേഹത്തിന്റെ സെന്റിമെന്റ്‌സ് സീനുകളാണ്. മമ്മൂക്കയുടെ കണ്ണൊന്ന് നിറഞ്ഞാല്‍ നമ്മുടെ കണ്ണും അറിയാതെ നിറയുമെന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിട്ടുള്ളത്.

മമ്മൂട്ടിയുടെ സെന്റിമെന്റ് സീനുകള്‍ ചിത്രീകരിക്കുമ്പോള്‍ സെറ്റില്‍ സംഭവിക്കുന്ന മാറ്റങ്ങളെ പറ്റി പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. എല്‍. പ്രദീപ്. മമ്മൂട്ടി സെന്റിമെന്റ്‌സ് അഭിനയിക്കാന്‍ വരുമ്പോള്‍ സെറ്റിലെ ആളുകള്‍ മുഴുവനും അവിടെ വരുമെന്നും അത് കാണാന്‍ തന്നെ പ്രത്യേക രസമാണെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രദീപ് പറഞ്ഞു.

‘പുള്ളി സെന്റിമെന്റ്‌സ് അഭിനയിക്കുമ്പോള്‍ സെറ്റ് മുഴുവന്‍ നോക്കിനില്‍ക്കും. അത് കാണാന്‍ തന്നെ പ്രത്യേക രസമാണ്. മറ്റുള്ള സീനുകള്‍ സാധാരണ കാണുന്നത് പോലെ തന്നെയാണ്. മേള മുതലുള്ള സിനിമ കണ്ടാല്‍ മനസിലാവും, മമ്മൂക്കയുടെ സെന്റിമെന്റ്‌സ് നമുക്ക് ഒരു പ്രത്യേക വികാരം തന്നെയാണ്,’ പ്രദീപ് പറഞ്ഞു.

നന്‍ പകല്‍ നേരത്ത് മയക്കമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി – ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജനുവരി 19ന് നന്‍പകല്‍ റിലീസ് ചെയ്യും.

മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മിച്ചിരിക്കുന്നത്.
എല്‍.ജെ.പിയുടെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവിടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.

രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫാണ് എഡിറ്റര്‍. രംഗനാഥ് രംവിയാണ് സൗണ്ട് ഡിസൈനിങ്.

Content Highlight: production controller sl pradeep about shooting sentiment scenes of mammootty

We use cookies to give you the best possible experience. Learn more