| Wednesday, 15th November 2023, 12:22 pm

എംബാപ്പെയോടൊപ്പം ഒരുമിച്ച് കളിക്കാന്‍ ആഗ്രഹിക്കുന്നു; റയല്‍ മാഡ്രിഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും ഈ സമ്മറില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഈ സാഹചര്യത്തില്‍ എംബാപ്പെ റയലില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരമായ റോഡ്രിഗോ.

അടുത്ത സീസണില്‍ എംബാപ്പെക്കൊപ്പം റയല്‍ മാഡ്രിഡില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നമ്പര്‍ 9 തനിക്ക് താല്പര്യമില്ലെന്നുമാണ് റോഡ്രിഗോ പറഞ്ഞത്.

‘ചിലപ്പോള്‍ നമ്മള്‍ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കും എന്നാല്‍ മറ്റൊന്നാണ് പുറത്ത് വരുക. ഈ വിഷയം അല്പം സങ്കീര്‍ണ്ണമാണ്. എനിക്ക് റയലില്‍ നമ്പര്‍ 9ല്‍ കളിക്കാന്‍ ഇഷ്ടമില്ലെന്ന് കോച്ചിന് നന്നായി അറിയാം. എന്നാല്‍ ഞാന്‍ ടീമിന് വേണ്ടി ആ പൊസിഷനില്‍ കളിക്കുന്നു. എംബാപ്പെ ടീമിലേക്ക് വരുമോ എന്ന് എനിക്കറിയില്ല നിങ്ങള്‍ കോച്ചിനോടോ പ്രസിഡന്റിനോടോ ചോദിക്കണം. എംബാപ്പെ ഒരു ക്രാക്കറാണ് അവനോടൊപ്പം കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ റോഡ്രിഗോ എ.എസിനോട് സംസാരിച്ചു.

2022-23 സീസണില്‍ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ റയലില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക് പോയതിനാല്‍ റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി 4-4-2 എന്ന ശൈലിയില്‍ ബ്രസീലിയന്‍ താരങ്ങളായ റോഡ്രിഗോയെയും വിനീഷ്യസ് ജൂനിയറിനെയും പ്രധാന സ്ട്രൈക്കര്‍മാരായി കളിപ്പിക്കുകയായിരുന്നു.

റോഡ്രിഗോ ഈ സീസണില്‍ റയലിനായി 17 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്.

അതേസമയം ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം കിലിയന്‍ എംബാപ്പെ മിന്നും ഫോമിലാണ് കളിക്കുന്നത്. പാരീസിനായി ഈ സീസണില്‍ 15 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഫ്രഞ്ച് സൂപ്പര്‍ താരം 15 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഈ സീസണിന്റെ അവസാനത്തോടെ എംബാപ്പെ സാന്റിയാഗോ ബെര്‍ണബ്യുവില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Rodrygo talks about kylian mbappe.

Latest Stories

We use cookies to give you the best possible experience. Learn more