| Wednesday, 10th April 2024, 3:09 pm

റോണോ ഇവിടെ ജീവിക്കുന്നു! മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റൊണാൾഡോ തരംഗം; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ വമ്പന്മാരുടെ പോരാട്ടമായ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍. ഇരു ടീമുകളും മൂന്നു വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിനിടയില്‍ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. റയല്‍ താരം റോഡ്രിഗോ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ സെലിബ്രേഷന്‍ അനുകരിക്കുകയായിരുന്നു.

മത്സരത്തിന്റെ 14ാം മിനിട്ടില്‍ ആയിരുന്നു ബ്രസീലിയന്‍ താരം ഗോള്‍ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധത്തെ മറികടന്നുകൊണ്ട് ലക്ഷ്യം കാണുകയായിരുന്നു. ഇതിനു പിന്നാലെ റൊണാള്‍ഡോയുടെ ഐകോണിക് സെലിബ്രേഷന്‍ ആയ ‘സൂയ്’ നടത്തുകയായിരുന്നു.

അതേസമയം റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്.

മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റിയാണ് ആദ്യ ഗോള്‍ നേടിയത്. 12ാം മിനിട്ടില്‍ ഡയസിന്റെ ഓണ്‍ ഗോളിലൂടെ റയല്‍ തിരിച്ചടിച്ചു. രണ്ട് മിനിട്ടുകള്‍ക്ക് ശേഷം റോഡ്രിഗോയിലൂടെ ഹോം ടീം ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായി മാറുകയായിരുന്നു. 66ാം മിനിട്ടില്‍ ഫില്‍ ഫോടനിലൂടെ സിറ്റി വീണ്ടും ഒപ്പം പിടിച്ചു. 71ാം മിനിട്ടില്‍ ജോസ്‌കോ ഗാര്‍ഡിയോളിലൂടെ സിറ്റി മൂന്നാം ഗോള്‍ നേടി. എന്നാല്‍ 79ാം മിനിട്ടില്‍ ഫെഡറികോ വാല്‍വെര്‍ദയിലൂടെ ലോസ് ബ്ലാങ്കോസ് സമനില പിടിക്കുകയായിരുന്നു.

ഏപ്രില്‍ 18നാണ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദം നടക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇതിഹാദ് സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരം നടക്കുക.

Content Highlight: Rodrygo imitate Cristaino Ronaldo iconic celebration against Manchester city match in UCL

Latest Stories

We use cookies to give you the best possible experience. Learn more