| Saturday, 24th August 2024, 6:00 pm

ഫുട്‌ബോളില്‍ മെസിയെക്കാള്‍ മികച്ച താരം അദ്ദേഹമാണ്: പ്രസ്താവനയുമായി റയൽ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ച താരം ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം റോഡ്രിഗോ. ഗോട്ട് ഡിബറ്റില്‍ മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയുടെ പേരാണ് ബ്രസീലിയന്‍ താരം പറഞ്ഞത്. മാഡ്രിഡ് സോണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോഡ്രിഗോ.

റയലിന്റെ ഇതിഹാസ താരമായിരുന്നിട്ടും ഒരിക്കല്‍ പോലും റൊണാള്‌ഡോക്കൊപ്പം കളിക്കാന്‍ റോഡ്രിഗോക്ക് സാധിച്ചിട്ടില്ല. റൊണാള്‍ഡോ റയലില്‍ നിന്നും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസില്‍ പോയതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ബ്രസീലിയന്‍ താരം സാന്റിയാഗോ ബെര്‍ണാബയോവില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ റോഡ്രിഗോയും റൊണാള്‍ഡോയും ഒരിക്കല്‍ പോലും ഒരു മത്സരത്തിലും ഒരുമിച്ച് കളിച്ചിട്ടില്ല.

ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയറാണ് റൊണാള്‍ഡോ സൃഷ്ടിച്ചത്. സ്പാനിഷ് വമ്പന്‍മാരായ റയലില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ പടുത്തുയര്‍ത്തിയ പോര്‍ച്ചുഗീസ് ഇതിഹാസം പിന്നീട് യുവന്റസിന് വേണ്ടിയും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും റൊണാള്‍ഡോ പന്തുതട്ടി.

നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ക്ലബ്ബുകള്‍ക്കും വേണ്ടി ബൂട്ട് കെട്ടിയ റൊണാള്‍ഡോ 898 ഗോളുകളാണ് എതിര്‍ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്.

വരാനിരിക്കുന്ന മത്സരങ്ങളില്‍ രണ്ട് ഗോള്‍ കൂടി നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഫുട്‌ബോളില്‍ 900 ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിക്കും.

സൗദി പ്രൊ ലീഗിലെ ആദ്യ മത്സരത്തില്‍ അല്‍ റെയ്ദിനെതിരെ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. ഈ ഗോളിന് പിന്നാലെ സൗദി ലീഗില്‍ 50 ഗോളുകള്‍ എന്ന പുതിയ മൈല്‍സ്റ്റോണിലേക്കും റൊണാള്‍ഡോ കാലെടുത്തുവെച്ചു.

അതേസമയം അർജന്റൈൻ ഇതിഹാസം മെസിയുമായി ആറ് മത്സരങ്ങളിലാണ് റോഡ്രിഗോ കളിച്ചിട്ടുള്ളത്. സ്പെയ്നിൽ കളിക്കുന്ന സമയത്താണ് ഇരുവരും ആദ്യം നേര്‍ക്കുനേര്‍ എത്തിയത്. രണ്ട് മത്സരങ്ങളിലാണ് സ്പെയ്നിൽ ഇരുവരും ഒരുമിച്ച് ഏറ്റുമുട്ടിയത്.

പിന്നീട് മെസി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് പോയതിനു ശേഷവും ഇരുവരും നേര്‍ക്കുനേര്‍ എത്തി. 2021-22 ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിലാണ് പാരീസും റയലും നേര്‍ക്കുനേര്‍ വന്നത്.

രാജ്യാന്തര തലത്തില്‍ മെസിക്കെതിരെ രണ്ട് തവണയാണ് റോഡ്രി കളിച്ചത്. 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള രണ്ട് മത്സരങ്ങളിലാണ് റോഡ്രിയും മെസിയും നേര്‍ക്കുനേര്‍ വന്നത്.

Content Highlight: Rodrigo Talks The Best Player In Football

We use cookies to give you the best possible experience. Learn more